KeralaNews

മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബിനാമി ഇടപാടിലൂടെ ആറ് കോടിയിലധികം വിലമതിക്കുന്ന ഭുമിയും അഢംബര റിസോര്‍ട്ടും ചിന്നക്കനാലില്‍ സ്വന്തമാക്കി, അന്വേഷണമാവശ്യപ്പെട്ട് സി.പി.എം

കൊച്ചി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബിനാമി ഇടപാടിലൂടെ ആറ് കോടിയിലധികം വിലമതിക്കുന്ന ഭുമിയും അഢംബര റിസോര്‍ട്ടും ചിന്നക്കനാലില്‍ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതിവെട്ടിച്ചുകൊണ്ടാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് രജിസ്റ്റര്‍ ചെയ്ത ഭുമിക്ക് വിലയായി കാണിച്ചത് 1,92,60,000 രൂപയാണ്.

എന്നാല്‍ പിറ്റേ ദിവസം കുഴല്‍ നാടന്‍ സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ തനിക്കുള്ള അന്‍പത് ശതമാനം ഷെയറില്‍ മാര്‍ക്കറ്റ് വില കാണിച്ചിരിക്കുന്നത് മൂന്ന് കോടി അന്‍പത് ലക്ഷം രൂപയാണ്. ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമാണ് തട്ടിപ്പ് നടത്തിയതെന്ന് സിഎന്‍ മോഹന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്ത് സമ്പാദ്യമായി കാണിച്ചത്23 കോടി രൂപയുടെ വസ്തുവകകളാണ്. എന്നാല്‍ അദ്ദേഹം ഇതിന്റെ വരുമാനസ്രോതസ് വെളിപ്പെടുത്തിയിട്ടില്ല. അനധികൃതസമ്പാദ്യം വെളുപ്പിക്കുന്നതിനായി സത്യവാങ്മൂലത്തില്‍ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചതാണെന്നും അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും വിജിലന്‍സിനും പരാതി നല്‍കിയതായി സിഎന്‍ മോഹനന്‍ പറഞ്ഞു.

മൂവാറ്റുപുഴ മണ്ഡലത്തിലുള്ളവരാണ് പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുള്ളതുകൊണ്ടാണ് സാധ്യമായ രീതിയില്‍ ഇടപെട്ട് അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടതെന്നും മോഹനന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണം തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎബേബി രംഗത്തെത്തി. വിവാദത്തിന് പിന്നിൽ ഗൂഡാലചനയുണ്ട്. കേന്ദ്ര ഏജൻസി ടാർജറ്റ് ചെയ്ത റിപ്പോർട്ടാണ് പുറത്തു വിട്ടത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്നത് അപഹാസ്യമായ ആക്ഷേപമാണ്. വിവാദത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. ഓരോ സന്ദർഭത്തിലും പാർട്ടി ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ  ഔദ്യോഗിക വിശദീകരണം വന്നു കഴിഞ്ഞു. യുക്തി ഭദ്രമായി ചിന്തിക്കുന്ന മാധ്യമങ്ങൾക്ക്‌ കാര്യങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം സംസ്ഥാന സെക്രട്ടറിയെ പോലെ വിവാദം അവഗണിച്ചുവിടുകയാണ് റിയാസും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ  വാർത്താകുറിപ്പിനപ്പുറം ഇനി ഒന്നുമില്ല.

ചോദ്യം ഉയർന്നാൽ വാർത്താസമ്മേളനം നിർത്തും, ക്ഷോഭിച്ച് ഒഴിഞ്ഞുമാറും അവഗണിക്കും. മാസപ്പടി അവഗണിച്ചുവിടാം എന്ന രാഷ്ട്രീയലൈൻ ആവർത്തിക്കുന്നു പാർട്ടിനേതാക്കളും മന്ത്രിമാരും. വീണക്ക് കിട്ടിയ പണം റിയാസിന്‍റെ  തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലല്ലോ എന്ന ചോദ്യം അടക്കം ഉയരുമ്പോഴും മറുപടി ഇല്ല.

തൊട്ടാൽ പൊള്ളുമെന്നതിനാൽ സിപിഎം അവഗണിക്കുമ്പോൾ ഏറ്റുപിടിക്കാതെ യുഡിഎഫിന്‍റെ  കയ്യയച്ച സഹായം തുടരുകയാണ്. നിയമസഭയിൽ സാങ്കേതിക കാരണം ഉയർത്തി അടയിന്തിരപ്രമേയം ഉന്നയിക്കാതെ വിട്ട യുഡിഎഫ് പുതുപ്പള്ളിയിൽ പോലും മാസപ്പടി ഉയർത്തുന്നില്ല. സർക്കാറിനെതിരായ വിധിയെഴുത്ത് കൂടിയാകും പുതുപ്പള്ളി എന്ന് പറയുമ്പോൾ ഇന്നലെ കൺവെൻഷനിൽ ഒരുനേതാവു പോലും മാസപ്പടി പറഞ്ഞില്ല. പണം വാങ്ങിയ മുന്നണി നേതാക്കളുടെ പേരുകളാണ് ആഞ്ഞടിക്കേണ്ട യുഡിഎഫിനെ പിന്നോട്ടടിപ്പിക്കുന്നതും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button