കൊച്ചി: സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നതിനിടെ സിപിഐയെ കടന്നാക്രമിച്ച് സിപിഐഎം. റവന്യു വകുപ്പിന്റെ പേരില്‍ സിപിഐ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നുവെന്ന വിമര്‍ശനം പൊതുസമ്മേളനത്തിലുയര്‍ന്നു. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്കുള്ള അരങ്ങാക്കി മാറ്റിയെന്നും സിപിഐഎം പ്രതിനിധികള്‍ വിമര്‍ശിച്ചു.
എല്ലാത്തിന്റെയും നേട്ടങ്ങളുടെ ക്രെഡിറ്റ് അടിക്കാന്‍ മാത്രമാണ് സിപിഐക്ക് ഉത്സാഹം. എന്നാല്‍ തെറ്റുകള്‍ സിപിഐഎമ്മിന്റേത് മാത്രമാകുകയാണ്. പട്ടയമേള സിപിഐ നേതാക്കള്‍ അഴിമതിക്ക് അരങ്ങൊരുക്കിയെന്ന് ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധി ആരോപിച്ചു. സിപിഐക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്നും പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന പൊതുചര്‍ച്ചയിലാണ് സിപിഐക്കെതിരെ സിപിഐഎം വിമര്‍ശനങ്ങളുന്നയിച്ചത്. അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി പറയും. വികസന നയരേഖയിലുള്ള ചര്‍ച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചര്‍ച്ചയില്‍ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇടത് സര്‍ക്കാര്‍ നയം ചില പോലീസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് നടപടികളില്‍ പാര്‍ട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളില്‍ നിന്നാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.