തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശബരിമല വിഷയം കാരണമായെന്ന് സി.പി.ഐ. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധനിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മോദി വിരുദ്ധ വികാരത്തില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചതും വന്‍ തിരിച്ചടിയായെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തി.
തെരഞ്ഞെടുപ്പ് സമയത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. ഇത് വന്‍ തിരിച്ചടിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാഹുല്‍ ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക എന്ന വികാരം ഉടലെടുത്തതോടെ കോണ്‍ഗ്രസിന് പിന്തുണയേറി. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.