ബാങ്ക് തിരഞ്ഞെടുപ്പ്: സി.പി.ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ച് ഡി.വൈ.എഫ്.ഐക്കാര്‍; ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.ഐ. പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ. ഉദയകുമാര്‍, എല്‍.സി. സെക്രട്ടറി സുരേഷ് ബാബു എന്നിവര്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന ബാങ്ക് തിരഞ്ഞെടുപ്പിനിടെ പ്രദേശത്ത് സി.പി.ഐ-സി.പി.എം. സംഘര്‍ഷം ഉടലെടുത്തിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി.പി.ഐ. പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. സംഘര്‍ഷത്തില്‍ സി.പി.ഐ, സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

ഇതിനുപിന്നാലെ ഞായറാഴ്ച രാത്രി സി.പി.ഐ. പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. സംഭവത്തില്‍ പോലീസ് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി സി.പി.ഐ. ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ജയന്‍ അടക്കമുള്ളവരാണ് പോലീസിനെതിരേ രംഗത്തുവന്നത്. ഇതിനുപിന്നാലെയാണ് ഡി.വൈ.എഫ്.ഐക്കാര്‍ സി.പി.ഐ പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News