തിരുവനന്തപുരം: സിപിഐഎം സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങക്ക് പാര്‍ട്ടി പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ മറുപടിയുമായി സിപിഐ. ഹിമാലയന്‍ വിഡ്ഢിത്തങ്ങളാണ് ചിന്ത ലേഖനത്തിലുള്ളതെന്ന ആക്ഷേപത്തോടെയായിരുന്നു നവയുഗത്തിന്റെ മറുപടി. ശരിയും തെറ്റും ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിഞ്ഞിട്ടില്ലെന്ന് ലേഖനം വിമര്‍ശിച്ചു.
ഇഎംസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ള ലേഖനത്തില്‍ നക്സലുകള്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്ന പരാമര്‍ശവുമുണ്ട്. നക്സലുകള്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിനാണെന്ന് സിപിഐ പറയുന്നു. സിപിഐഎം യുവാക്കള്‍ക്ക് സായുധവിപ്ലവത്തിനുള്ള മോഹമുണ്ടാക്കി. ഒപ്പമുള്ളവരെ വര്‍ഗവഞ്ചകരെന്ന് വിളിച്ചത് ഇഎംഎസ് ആണെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
ചര്‍ച്ചകള്‍ യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് സിപിഐഎമ്മിനെ സിപിഐ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. എന്നാല്‍ തെറ്റുകളേയും വീഴ്ചകളേയും ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിയുന്നില്ലെന്ന് ലേഖനം കുറ്റപ്പെടുത്തി. അഭിപ്രായ വ്യത്യാസങ്ങള്‍ സംഘടനാപരമായി ശരിയായ രീതിയില്‍ പരിഹരിക്കാതെ കാര്യങ്ങളെ പിളര്‍പ്പിലെത്തിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാരകമായി പരുക്കേല്‍പ്പിച്ചവര്‍ വൈകിയെങ്കിലും തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ലേഖനത്തിലുണ്ട്.
കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയാണ് സിപിഐ എന്നായിരുന്നു ചിന്ത ലേഖനത്തിലെ വിമര്‍ശനം.സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെ ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവരാണ് സിപിഐ. ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണെന്നും പലപ്പോഴും വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് ഈ പദവി ചാര്‍ത്തിക്കൊടുക്കാറുണ്ടെന്നും തിരുത്തല്‍ വാദത്തിന്റെ ചരിത്രവേരുകള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പരമാര്‍ശിച്ചിരുന്നു. ഇ രാമചന്ദ്രന്‍ ആണ് ലേഖനം എഴുതിയിരുന്നത്. ഈ വിമര്‍ശനങ്ങള്‍ക്ക് നവയുഗത്തിലൂടെ മറുപടിയുണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.