സി.പി.ഐ വിട്ടുവീഴ്ചയ്ക്കില്ല; മന്ത്രിമാർ രാജിസന്നദ്ധത അറിയിച്ചു, മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിയ്ക്കും

ആലപ്പുഴ: പിഎംശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയത്തിന് വഴങ്ങാതെ സിപിഐ. പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായി മുന്നണിമര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തേക്കില്ല. സിപിഐ മന്ത്രിമാരായ കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവരാണ് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

ശനിയാഴ്ച മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവച്ച അനുനയ ശ്രമങ്ങള്‍ ഇന്ന് ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിട്ടും സിപിഐ ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ആലപ്പുഴയില്‍ രാവിലെ ചേര്‍ന്ന സിപിഐ നേതൃയോഗങ്ങള്‍ പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ച യോഗത്തിലുണ്ടായി. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുക്കാല്‍ മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല. 

ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ അതിനോട് യോജിച്ചില്ലെന്നാണ് സൂചന.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ കാണാനെത്തിയ സിപിഐ മന്ത്രിമാരായ കെ.രാജന്‍, പി.പ്രസാദ്, ജി.ആര്‍ അനില്‍ എന്നിവര്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാന ഘടകകക്ഷിയായ സിപിഐയെ വിശ്വാസത്തിലെടുക്കാതെയുള്ള ഏകപക്ഷീയ നടപടിയില്‍ ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സിപിഐയുടെ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നു. പിഎംശ്രീ വിഷയം ചര്‍ച്ചചെയ്യാന്‍ എല്‍ഡിഎഫ് യോഗം വിളിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News