KeralaNews

പാലായിലെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സി.പി.ഐ.എം ജില്ലാ കമ്മറ്റി യോഗം ചേരും

കോട്ടയം: പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണം ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നതാണെന്ന് ആവര്‍ത്തിച്ച് കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍. തോല്‍വി അന്വേഷിക്കേണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി തീരുമാനം എടുക്കുമെന്നാണ് മുതിര്‍ന്ന നേതാവ് വി.എന്‍ വാസവന്റെ പ്രതികരണം. പരിശോധന വേണമെന്ന് ജോസ് കെ മാണി ശക്തമായി ആവശ്യപ്പെടുന്നതിനിടെയാണ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നത്.

പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തിന് സിപിഐഎമ്മിലെ വോട്ട് ചോര്‍ച്ച കാരണമായിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. ഇത് അംഗീകരിച്ച് സംസ്ഥാന നേതൃത്വം, ജില്ലാതലത്തില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപനം നടത്തി.

എന്നാല്‍ പാലായില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞതാണ് ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമായത് എന്നാണ് ജില്ലയില്‍ നിന്നുള്ള സിപിഐഎം നേതാക്കളുടെ പ്രതികരണം. മറ്റു കാരണങ്ങള്‍ തോല്‍വിക്ക് പിന്നിലുണ്ടോ എന്നത് ചര്‍ച്ചയ്ക്ക് ശേഷമേ പറയാനാകൂ എന്നുമാണ് മറുപടി.

ജോസ് കെ മാണിക്ക് ജനപ്രീതി കുറവായിരുന്നതാണ് തിരിച്ചടിയായതെന്ന വിലയിരുത്തലാണ് പ്രാദേശിക സിപിഐഎം നേതാക്കള്‍ക്ക് ഉള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തത്കാലം ചര്‍ച്ച ആകില്ല. തോല്‍വി അന്വേഷിക്കുമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം പറയുമ്പോള്‍ ആലോചിച്ച ശേഷം മാത്രം ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയാല്‍ മതിയെന്നാണ് ജില്ലാ നേതാക്കളുടെ തീരുമാനം. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നു എന്ന നിഗമനം ഉണ്ടായാല്‍ പ്രാദേശികതലത്തില്‍ മുന്നണിയിലെ കെട്ടുറപ്പിനെ ബാധിക്കും എന്ന വിലയിരുത്തലാണ് നേതാക്കള്‍ക്ക് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button