തിരുവനന്തപുരം : വെമ്പായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.പെരുങ്കൂരില്‍ ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എല്‍ഡിഎഫ് കരകുളം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയെ കയറ്റാന്‍ വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പെരുങ്കൂര്‍ ജംഗ്ഷനു സമീപമാണ് സംഭവം.
കരകുളം ജില്ലാ ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ വി ശ്രീകാന്തിന്റെ പ്രചരണ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥി സജീവിനെ കയറ്റണമെന്ന ആവശ്യവുമായി പ്രവര്‍ത്തകരെത്തി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് സിപിഐക്കാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയ്ക്ക് മുദ്രാവാക്യം വിളിച്ചു. ഇതിനെ സിപിഐഎം പ്രവര്‍ത്തര്‍ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പതിനഞ്ച് മിനുട്ടോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. വിവരം അറിഞ്ഞ് വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പൊലീസുണ്ടായിരുന്നതുകൊണ്ട് വലിയ പ്രശ്‌നമുണ്ടാകാതെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കഴിഞ്ഞെന്ന് വട്ടപ്പാറ എസ് ഐ ആന്റണി പ്രതികരിച്ചു.