കോട്ടയം: മദ്യപിച്ച് പൊതുനിരത്തില്‍ വച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.ഐ. നേതൃത്വം രാജിവെപ്പിച്ചു. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാജുവിനാണ് സി.പി.ഐ നേതൃത്വത്തിന്റെ ആവശ്യപ്രകാരം രാജിവെക്കേണ്ടി വന്നത്. സി.പി.ഐ. മണ്ഡലം, ലോക്കല്‍ കമ്മിറ്റികള്‍ നടത്തിയ അടിയന്തരയോഗത്തിലാണ് രാജുവിനോട് രാജി ആവശ്യപ്പെട്ടത്.
രാജു പൊതു നിരത്തില്‍ വച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അസഭ്യം പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയിലൂടെ പുറത്തുവന്ന ദൃശ്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനു ചേര്‍ന്നതല്ലെന്നും ഇത്തരം സംഭവങ്ങള്‍ പ്രസ്ഥാനത്തിനു മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.ടി. പ്രമദ് വ്യക്തമാക്കി.
അതേസമയം പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി നല്‍കിയതെന്നും മറ്റുകാര്യങ്ങള്‍ പാര്‍ട്ടിനേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ടി.കെ.രാജു പറഞ്ഞു.