News

കൊവിഷീല്‍ഡിന് കൊവാക്‌സിനെക്കാള്‍ ഫലപ്രാപ്തിയുണ്ടെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനെക്കാള്‍ ഫലപ്രാപ്തിയുണ്ടെന്ന് ഐസിഎംആര്‍. അതുകൊണ്ടാണ് കൊവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് എടുത്തതിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ഇടവേള മൂന്ന് മാസം വരെ നീട്ടിയത്.

ഇടവേള നീട്ടിയത് ആദ്യ ഡോസിന്റെ ശക്തി വര്‍ധിക്കാനും കൂടുതല്‍ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നല്‍കും. എന്നാല്‍, കൊവാക്‌സിന്റെ കാര്യം നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ല. ഉടന്‍ തന്നെ രണ്ടാമത്തെ വാക്‌സിന്‍ എടുത്താലേ പൂര്‍ണ പ്രതിരോധ ശേഷി ലഭിക്കൂ എന്നും ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ പറയുന്നു.

കൊവിഷീല്‍ഡ് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്.

അതേസമയം, സംസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുത്താല്‍ മതിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button