ന്യൂഡല്‍ഹി രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളുടെ അഞ്ചിരട്ടിയലധികം ആളുകള്‍ കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും. മിക്ക നഗരങ്ങളിലും നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതു രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണം.
ലക്ഷണമില്ലാത്ത രോഗബാധ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടര്‍ത്തിയത് ഇത്തരക്കാരാണെന്നു കരുതുന്നു.കൊവിഡ് നിരീക്ഷണ കാലയളവ് രണ്ടോ അതിലധികമോ ആഴ്ചകള്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളൊന്നും പ്രകടമാവാത്ത നിരവധി പേരുണ്ട്. പലരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ആശുപത്രികളെയോ പരിശോധന കേന്ദ്രങ്ങളെയോ സമീപിയ്ക്കുമ്പോഴാണ് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്.ഇത്തരത്തിലുള്ളവരില്‍ നിന്നും നിരവധി പേരിലേക്ക് ഇതിനകം രോഗം പകര്‍ന്നിട്ടിണ്ടാവും.
മുംബൈ,ഡല്‍ഹി,കൊല്‍ക്കൊത്ത,ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ വലിയ വിഭാഗം ജനങ്ങള്‍ കോവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആര്‍ ആദ്യ സിറോ സര്‍വേ ഫലം പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വേ ഫലത്തിലും ഇതാവര്‍ത്തിച്ചു. 77% പേര്‍ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡല്‍ഹിയിലെ വിലയിരുത്തല്‍.
ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ സൂചനകളും ഞെട്ടിക്കുന്നതാണ്. 8 – 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുക ദുഷ്‌കരമാണ്.