ഫെബ്രുവരി 15 ന് ഉള്ളില്‍ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിര്‍ണായകം

തിരുവനന്തപുരം: ഫെബ്രുവരി 15ന് ഉള്ളില്‍ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിര്‍ണായകമായിരിക്കുമെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തീവ്ര വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നുവെന്ന് വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദമാണ് നിലവില്‍ സംസ്ഥാനത്ത് പടരുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

പനിയും പനി ലക്ഷണങ്ങളും ഉള്ളവര്‍ അത് അവഗണിക്കരുത്. അത്തരക്കാര്‍ പൊതു സമ്പര്‍ക്കം ഒഴിവാക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരും കര്‍ശന ജാഗ്രത പുലര്‍ത്തണം. പോസിറ്റീവ് ആയവര്‍ കൃത്യമായ വിശ്രമം എടുക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് മന്ത്രിസഭാ യോഗവും വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കേണ്ടി വരുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തൂീരുമാനം. കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വര്‍ധിച്ച് വരുന്ന കൊവിഡ് ബാധിതരുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ സജ്ജ്മാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യത്തിന് ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ സൗകര്യമുണ്ട്.

ഡെല്‍റ്റയെക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍. കേരളത്തില്‍ ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളില്‍ അഞ്ച് മുതല്‍ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ ച95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കണ്ണിന് കാണാന്‍ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്‌സില്‍ നിന്ന് പോലും വൈറസ് പടര്‍ന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.

വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുക്കണം. മുന്‍നിര പ്രവര്‍ത്തകരും മറ്റ് അര്‍ഹരും ബൂസ്റ്റര്‍ ഡോസ് എടുക്കണം. പൊതുജനങ്ങള്‍ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയില്‍ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്‌സിജന്‍ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. 1817.54 മെട്രിക് ടന്‍ ലിക്വിഡ് ഓക്‌സിജന്‍ നിലവില്‍ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാര്‍ത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News