വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ നടപടിയായത്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു നിര്‍ണായക നടപടിയാണിതെന്നു യുഎസ് ഭരണകൂടം അഭിപ്രായപ്പെട്ടു.
വാക്‌സിന്റെ ആദ്യ മൂന്ന് ദശലക്ഷം ഡോസുകള്‍ ഈ വാരാന്ത്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും അയക്കുമെന്ന് വിതരണ മേല്‍നോട്ടം വഹിക്കുന്ന ജനറല്‍ ഗുസ്താവ് പെര്‍ന പറഞ്ഞു. കൊവിഡില്‍ നിന്ന് 95% സംരക്ഷണം ഉറപ്പു നല്കുന്ന ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഭിപ്രായപ്പെട്ടു.
കൊവിഡ് മൂലം അമേരിക്കയില്‍ 2,95,000 പേരാണു മരിച്ചത്. ശൈത്യകാലം ആരംഭിച്ചതോടെ നവംബര്‍ മുതല്‍ കൊവിഡ് മരണങ്ങള്‍ കുത്തനെ ഉയരുകയാണ്. രോഗികളുടെ എണ്ണവും റിക്കാര്‍ഡ് തിരുത്തി കുതിക്കുന്നു. പല സംസ്ഥാനങ്ങളിലും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.