ന്യൂഡല്‍ഹി : കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍ നടക്കും. ഓക്സ്ഫഡ് കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങി 9 സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ്. ഇതില്‍ എട്ടെണ്ണം മഹാരാഷ്ട്രയിലാണ്. അതില്‍ നാലെണ്ണം പുണെയിലും. കേരളത്തില്‍ പരീക്ഷണ കേന്ദ്രങ്ങളില്ല. വാക്സിന് പരീക്ഷണത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമാണ് ഈ ഘട്ടം. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാം ഘട്ട പരീക്ഷണം ഈ മാസം 20ന് ആരംഭിക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നത്.
രോഗവ്യാപനം അതിരൂക്ഷമായ നഗരങ്ങളിലാണ് സീറം-ഓക്സഫെഡ് കോവി- ഷീല്‍ഡി വാക്സീന് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. സത്താറ റോഡ്, സസൂണ്‍, വധു ബുഡ്രുക്ക്, പുണെ റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളാണ് പുണെയില്‍ മൂന്നാം ഘട്ട പരീക്ഷണം നടക്കുന്ന ആശുപത്രികള്‍. മുംബൈയിലെ പരേല്‍, മുംബൈ സെന്‍ട്രല്‍, വാര്‍ധ, നാഗ്പുര്‍ തുടങ്ങിയവയാണ് മഹാരാഷ്ട്രയിലെ മറ്റു പരീക്ഷണകേന്ദ്രങ്ങള്‍. തമിഴ്നാട്ടില്‍ ചെന്നൈ പോരൂരിലെയും ഓള്‍ഡ് സെന്‍ട്രല്‍ ജയില്‍ ക്യാംപസിലേയും ആശുപത്രികളിലാണ് പരീക്ഷണം നടക്കുക.
ഡല്‍ഹിയില്‍ അന്‍സാരി നഗറിലും ആന്ധ്രപ്രദേശില്‍ വിശാഖപട്ടണത്തിലും കര്‍ണാടകയിലെ മൈസൂരുവിലും രാജസ്ഥാനിലെ ജോധ്പുരിലും യുപിയിലെ ഗോരഖ്പുരിലുമാണ് പരീക്ഷണ കേന്ദ്രങ്ങള്‍. പഞ്ചാബിലെ ചണ്ഡീഗഡിലും ബിഹാറിലെ പട്നയിലും പരീക്ഷണം നടത്തും.
രണ്ടാംഘട്ടത്തില്‍ 100 പേരിലും മൂന്നാം ഘട്ടത്തില്‍ 1600 പേരിലുമാണ് വാക്സീന് പരീക്ഷണം നടത്തുക. വിദേശരാജ്യങ്ങളില്‍ ഓക്സ്ഫഡ് വാക്സീന് പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും വിജയമായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം 100 പേരില്‍ മതിയെന്ന നിര്‍ദേശം ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത്.