ന്യൂഡൽഹി: കോവിഡ് 19 പ്രതിരോധ വാക്സിനായ കോവിഷീൽഡ് സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വില പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീൽഡ് വാക്സിൻ നൽകുക. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്ക് വാക്സിൻ നൽകമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
അമേരിക്കൻ നിർമിത വാക്സിനുകൾ വിൽക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി. റഷ്യൻ നിർമ്മിത വാക്സിനും ചൈനീസ് നിർമിത വാക്സിനും 750 രൂപക്കാണ് വിൽക്കുന്നതെന്നും വാർത്ത കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന് തുടർന്നും 150 രൂപയ്ക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ നൽകും. പുതിയ വാക്സിൻ പോളിസി അനുസരിച്ച് വാക്സിൻ ഡോസുകളുടെ 50 ശതമാനം കേന്ദ്രസർക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകും.
മെയ് ഒന്ന് മുതൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ വാക്സിൻ നൽകില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികൾ വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങി കുത്തിവയ്ക്കുമ്പോൾ നിരക്ക് കുത്തനെ ഉയർന്നേക്കും.