തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സീൻ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാൾ മുതലാണ് കുത്തിവയ്പ്പ്. ശീതീകരണ സംവിധാനം പൂര്‍ണ സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സിൻ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സീൻ എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ ജില്ലകളിൽ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട് , കാസര്‍കോട്, മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സീൻ കിട്ടുക എറണാകുളം ജില്ലക്കാണ്,73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ, 6860 ഡോസ്.
ഇനി കുത്തിവയ്പിനായുള്ള കാത്തിരിപ്പാണ്. ശനിയാഴ്ച മുതല്‍ 133 കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നല്‍കും. വാക്സിൻ കൂടുതല്‍ കിട്ടുന്ന മുറയ്ക്ക് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കേരളത്തിലേക്കാവശ്യമായ അടുത്ത ഘട്ടം വാക്സീൻ ഫെബ്രുവരി ആദ്യ ആഴ്ചയോടെ എത്തിക്കും.