കൊച്ചി: ആദ്യഘട്ട കൊവിഡ് വാക്സിന്‍ കൊച്ചിയിലെത്തി. രാവിലെ 10.45 ഓടെ ഗോ എയറിന്റെ കാര്‍ഗോ വിമാനമായ ജി8 347ല്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്സിന്‍ എത്തിച്ചത്. അവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജണല്‍ വാക്സിന്‍ സ്റ്റോറിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്കു തന്നെ മറ്റു സമീപ ജില്ലകളിലേക്കും അയക്കും.
1.80 ലക്ഷം ഡോസ് വാക്സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിലായാണ് എത്തിച്ചിട്ടുള്ളത്. ഒരു ബോക്സില്‍ 12000 ഡോസ് വീതം 15 ബോക്സുകള്‍ ഉണ്ടാവും. പാലക്കാട്, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലേക്കുള്ള വാക്സിന്‍ റീജണല്‍ സ്റ്റോറില്‍നിന്ന് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുകളെ കൊവിഡ് പോര്‍ട്ടല്‍ വഴിയായിരിക്കും തെരഞ്ഞെടുക്കുക. കൊവിഡ് വാക്‌സിന്‍ വിതരണം എളുപ്പത്തിലേക്കാന്‍ തയാറാക്കിയിട്ടുള്ള കോവിന്‍ ആപ്ലിക്കേഷന്‍ വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും.
ജില്ലയില്‍ 60,000 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 പേരില്‍ അധികം ജീവനക്കാരുള്ള ആരോഗ്യ കേന്ദ്രത്തില്‍ അതാതു കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആദ്യം നല്‍കണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു.
ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസേജ് ലഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക ആവശ്യമെങ്കില്‍ തയാറാക്കൂ.