12-14 പ്രായക്കാരുടെ വാക്‌സിനേഷന്‍ ഇന്ന് മുതല്‍; 60 കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

ന്യൂഡല്‍ഹി: കൗമാരക്കാരില്‍ 12-14 പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 12-14 പ്രായക്കാര്‍ക്ക് ബയോളജിക്കല്‍ ഇ നിര്‍മിച്ച വാക്‌സിനായ കോര്‍ബി വാക്‌സിനാണ് നല്‍കുന്നത്. കോര്‍ബി വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസും സ്വീകരിക്കണം.

ഇന്ന് മുതല്‍ 60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസുകളും നല്‍കും. നിലവില്‍ രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും പുറമേ 60 വയസിന് മുകളിലുള്ള മറ്റു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കുന്നത്.

2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്സിനെടുക്കാന്‍ സാധിക്കും. ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്സിനെടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. അതേസമയം, ഇന്ന് മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.

കേരളത്തില്‍ 1193 പേര്‍ക്ക് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചിരിന്നു. എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 24,100 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 23,272 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 828 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 124 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8064 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 15 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,958 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1128 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 36 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1034 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 203, കൊല്ലം 72, പത്തനംതിട്ട 71, ആലപ്പുഴ 39, കോട്ടയം 105, ഇടുക്കി 85, എറണാകുളം 213, തൃശൂര്‍ 79, പാലക്കാട് 34, മലപ്പുറം 35, കോഴിക്കോട് 20, വയനാട് 27, കണ്ണൂര്‍ 37, കാസര്‍ഗോഡ് 14 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 8064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,47,255 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News