22.5 C
Kottayam
Wednesday, November 6, 2024
test1
test1

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ്

Must read

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ പരിശോധനാ ഫലത്തില്‍ നെഗറ്റീവ് ഇല്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് 2 വീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായവരില്‍ ഏഴുപേര്‍ വിദേശങ്ങളില്‍നിന്ന് വന്നവരാണ്. തമിഴ്നാട്ടില്‍ നിന്നെത്തിയ നാലുപേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും ഇന്ന് പരിശോധനാ ഫലം പോസിറ്റീവായി. മൂന്നുപേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.

ഇതുവരെ 576 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 80 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 48,825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട്ട് 17ഉം കാസര്‍കോട്ട് 16ഉം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്- 19 പേര്‍.

ഇതുവരെ 42,201 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 40,639 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4424 നെഗറ്റീവായിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16 ആണ്.

ഇന്നു വരെയുള്ള 576 കേസുകളില്‍ വിദേശത്തുനിന്നു വന്ന 311 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഇതിനുപുറമെ എട്ടുപേര്‍ വിദേശികളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 187 പേരാണ്.

സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് എല്ലാവരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരുതല്‍  വര്‍ധിപ്പിച്ചേ മതിയാകൂ. സുരക്ഷിതമായ ശാരീരിക അകലം പാലിക്കലും മറ്റു സരുക്ഷാ ക്രമീകരണങ്ങള്‍ പാലിക്കലും നിര്‍ബന്ധമാണ്.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാനേ പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുകയാണ്. നിരീക്ഷണത്തിലുളളവരുടെ വീടുകളിലും സമീപത്തും പൊലീസ് ഉദ്യോഗസ്ഥര്‍ ബൈക്കുകളില്‍ പട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ശനിയാഴ്ചത്തെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോ എന്ന കാര്യം ആലോചിക്കും. നാളത്തേതില്‍ മാറ്റമുണ്ടാകില്ല. ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണായി തന്നെ തുടരും. കഴിഞ്ഞ ഞായറാഴ്ച എല്ലാവരും സഹകരിച്ചതാണ്. ഈ ഞായറാഴ്ചയും അതു പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ഇന്ന് 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  തിരുവനന്തപുരത്ത് 53 കേസുകളും കാസര്‍കോട് 11 കേസുകളും കോഴിക്കോട് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.  അതിര്‍ത്തികളിലെയും ചെക്ക്പോസ്റ്റുകളിലെയും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് അധികമായി പൊലീസുകാരെ നിയോഗിച്ചു.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി വിദേശ രാജ്യങ്ങളില്‍നിന്ന് 17 വിമാനങ്ങള്‍ വന്നിട്ടുണ്ട്. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുകളും എത്തി. ഇവയിലെല്ലാമായി 3732 പേരാണ് വിദേശങ്ങളില്‍നിന്ന് എത്തിയിട്ടുള്ളത്. കേരളത്തില്‍നിന്ന് 33,000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ ഇതുവരെ പോയിട്ടുണ്ട്. കപ്പലുകളില്‍ ആളുകള്‍ കൂട്ടത്തോടെ യാണ് എത്തിയത്. അവരില്‍ മൂന്നുപേര്‍ക്ക് തമിഴ്നാട്ടില്‍ രോഗബാധയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ആ സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്ക് രോഗബാധ ഇല്ല എന്നുറപ്പാക്കാന്‍ പ്രത്യേക പരിശോധന നടത്തും.

ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് രാവിലെ 5.15ന് തിരുവനന്തപുരത്തെത്തി. 1045 യാത്രക്കാരാണ് കേരളത്തിലെ മൂന്ന് സ്റ്റേഷനുകളില്‍ ഇറങ്ങാനുണ്ടായിരുന്നത്. തിരുവനന്തപുരത്ത് 348 യാത്രക്കാരുണ്ടായിരുന്നു.

മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ ആളെ പനിയുണ്ടായിരുന്നതു കൊണ്ട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ അയച്ചു. ബാക്കിയെല്ലാവരേയും വീട്ടില്‍ നിരീക്ഷണത്തിലേക്ക് മാറ്റി.

എറണാകുളത്ത്  411 പേരെത്തി. യാത്രക്കാരില്‍ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ 286 യാത്രക്കാര്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി.

ആരോഗ്യപരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഏഴ് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് 4, മലപ്പുറം, വയനാട്, കാസര്‍കോട് ഓരോരുത്തര്‍ വീതം എന്നിങ്ങനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കോവിഡ് കെയര്‍ സെന്‍ററുകളിലേക്കും വീടുകളിലേക്കും അയച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിരുന്നു.

ഇന്നലെ 149 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തി. 58 ഗര്‍ഭിണികളും പത്ത് വയസ്സില്‍ താഴെയുള്ള 9 കുട്ടികളും ഈ വിമാനത്തില്‍ നാട്ടിലേക്കെത്തി. ഇതില്‍ 4 പേരെ വിവിധ ജില്ലകളില്‍ ചികിത്സക്കായി അയച്ചു. 69 പേരെ കോവിഡ് കെയര്‍ സെന്‍ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

റോഡു വഴി കേരളത്തിലേക്കു വരാന്‍ 2,85,880 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ പാസ് നല്‍കിയത് 1,23,972 പേര്‍ക്കാണ്. ചെക്ക്പോസ്റ്റുകളിലൂടെ 47,151 പേര്‍ ഇതിനകം സംസ്ഥാനത്തെത്തി. ട്രെയിന്‍ വഴി എത്താന്‍ പാസ് നല്‍കിയത് 4694 പേര്‍ക്കാണ്.

ക്വാറന്‍റൈന്‍ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ ഇവിടെ ഫലപ്രദമായി ക്വാറന്‍റൈന്‍ നടപ്പാകുന്നുണ്ട്. ഇന്നത്തെ കണക്ക് നോക്കിയാല്‍ ആകെ നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287ഉം വീടുകളിലാണ്. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വീടുകളിലെ ക്വാറന്‍റൈന്‍ വിജയകരമായി നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗം പടരുന്നത് പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞതിന്‍റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്. പുതിയ സാഹചര്യത്തില്‍ പേയ്ഡ് ക്വാറന്‍റൈന്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ആലോചിച്ചിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവര്‍ക്ക് പേയ്ഡ് ക്വാറന്‍റൈന്‍ ആകാവുന്നതാണ്.

കോവിഡ് 19 നമ്മുടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞു. സാനിറ്റെസര്‍ ഉപയോഗിക്കുന്നതും മാസ്ക് ധരിക്കുന്നതും ശീലമായി. എന്നാല്‍, ഇത് എല്ലാവരും ചെയ്യുന്നു എന്നു പറയാനാവില്ല. ഇക്കാര്യത്തില്‍ സമൂഹത്തിന്‍റെയാകെ പങ്കാളിത്തം പൂര്‍ണമായും ഉണ്ടാവണം.

സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാതെ കൂട്ടംകൂടി നില്‍ക്കുന്ന പ്രവണത പലയിടത്തുമുണ്ട്. ചിലയിടങ്ങളില്‍ ഉത്സവം നടത്താന്‍ ആലോചിക്കുന്നതായും ചില ആരാധനാലയങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനയ്ക്ക് പദ്ധതിയിടുന്നതായും മനസ്സിലാക്കിയിട്ടുണ്ട്. എവിടെയായാലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ സമ്മേളിക്കരുത്. ആള്‍ക്കൂട്ടത്തിന്‍റെ കാര്യത്തില്‍ ഒരു തരത്തിലുള്ള ഇളവും തല്‍ക്കാലം ഉണ്ടാകില്ല.

നിലവിലുള്ള രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ലയാണ്. ഏതു പ്രദേശത്തായാലും കണ്ടെയ്ന്‍മെന്‍റ് സോണ്‍ വിട്ട് സഞ്ചരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍, കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ മാത്രമായിരിക്കും ഈ നിയന്ത്രണം. മറ്റ് പ്രദേശത്ത് ഇത് ബാധകമായിരിക്കില്ല.

പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി ഫീല്‍ഡിലുള്ള ആളുകള്‍ തുടര്‍ച്ചയായി വിശ്രമരഹിതമായ ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് ഏതു തരത്തില്‍ വിശ്രമം ഉറപ്പാക്കാന്‍ കഴിയും എന്ന് പ്രത്യേകമായി പരിശോധിക്കും.

നിരീക്ഷണത്തിലുള്ളവരും റിവേഴ്സ് ക്വാറന്‍റൈന്‍കാരുമായി നിരന്തരം ബന്ധപ്പെടുന്നതില്‍ വാര്‍ഡുതല സമിതികള്‍ക്ക് പ്രധാന റോളാണുള്ളത്. അവര്‍ക്ക് ജോലിയില്‍ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോള്‍ അടുത്ത ടീമിനെ നിയോഗിക്കേണ്ടിവരും. ഇതിനായി മറ്റൊരു സെറ്റ് വളണ്ടിയര്‍മാരെ ഒരുക്കിനിര്‍ത്തണം. സമിതി സ്ഥിരമാണ്. അതിന് മാറ്റമുണ്ടാകില്ല. സമിതിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള വളണ്ടിയര്‍മാര്‍ക്കാണ് മാറ്റം.

രാജ്യത്തിനു പുറത്തുനിന്നോ സംസ്ഥാനത്തിന് പുറത്തുനിന്നോ വരുന്നവരെ സ്വീകരിക്കുമ്പോള്‍ നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നമ്മുടെ സംവിധാനത്തെയാകെ അത് ബാധിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ ആരെങ്കിലുമെത്തിയാല്‍ അത് നാട്ടുകാര്‍ അറിയാതെയിരിക്കില്ല. അങ്ങനെ കണ്ടെത്തുന്നവരെ വാര്‍ഡുതല സമിതികള്‍ ഇടപെട്ട് ക്വാറന്‍റൈന്‍ ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ ഇതുണ്ടാകണം.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്‍റെ ഭാഗമായി ചെങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. അവിടങ്ങളില്‍ പണിയെടുക്കാനുള്ള ചില ആളുകളെ കര്‍ണാടകത്തില്‍നിന്ന് ഊടുവഴികളിലൂടെ എത്തിക്കുന്നു എന്ന പരാതിയുണ്ട്. ഇവരിലാരെങ്കിലും രോഗവാഹകരായാല്‍ അത് അപകടമാണ്. ഇക്കാര്യത്തില്‍ ചെങ്കല്‍ ക്വാറി ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും.

സംസ്ഥാനത്തെ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷാപ്പുകളും ശുചിയാക്കാന്‍ അനുമതി നല്‍കും.

*ട്രെയിന്‍*

എട്ട് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വിടാന്‍ റെയില്‍വെ സമ്മതിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങള്‍ അനുമതി നല്‍കി. ബംഗളൂരു-ട്രിവാന്‍ഡ്രം ഐലന്‍റ് എക്സ്പ്രസ് എല്ലാ ദിവസവും സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും റെയില്‍വെ അറിയിച്ചിട്ടുണ്ട്. അത് നോണ്‍ എസി ട്രെയിനാക്കാന്‍ ശ്രമിക്കുന്നുണ്ട്. മെയ് 18 മുതല്‍ ജൂണ്‍ 14 വരെ അതിഥിതൊഴിലാളികളെ അയക്കാന്‍ 28 ട്രെയിനുകള്‍ പശ്ചിമ ബംഗാളിലേക്കുണ്ടാകും എന്ന അറിയിപ്പും വന്നിട്ടുണ്ട്.

ഡെല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ ഇതുവരെ ലഭ്യമാകാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിറ്റി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗികമല്ല. എസി ട്രെയിനിന്‍റെ ഫെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനും കഴിയില്ല.

ഈ സാഹചര്യത്തില്‍ നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാനുള്ള മാര്‍ഗം തേടിയിട്ടുണ്ട്. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡെല്‍ഹിയിലെ ഹെല്‍പ്പ്ഡെസ്ക്ക് ഇത് ഏകോപിപ്പിക്കും. സര്‍ക്കാര്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ട്. ഇതിനു പുറമെ ഡെല്‍ഹിയില്‍ നിന്നടക്കം പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വെ തയ്യാറാകുന്നുണ്ട്. വിശദാംശം ഉടനെ ലഭിക്കും. ഡെല്‍ഹിയില്‍നിന്ന് ഒന്നുരണ്ടു ദിവസത്തിനകം ട്രെയിന്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ നമുക്ക് ലഭിക്കുന്ന വിവരം.
നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിട്ടും ഇപ്പോള്‍ വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ 15 ശതമാനം കടകള്‍ മാത്രമാണ് തുറക്കുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും അവ്യക്തത ഉണ്ടെങ്കില്‍ തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇസ്രായേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.

തടി ലേലത്തിനെടുത്തവര്‍ക്ക് ലോക്ക്ഡൗണ്‍ കാരണം എടുത്തുമാറ്റാന്‍ പ്രയാസമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തറവാടകയും പലിശയും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അത് ന്യായമാണ്. പരിശോധിച്ച് തീരുമാനമെടുക്കും. നാളെ വയനാട്ടില്‍ തീരുമാനിച്ച തടിലേലം ആളുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാറ്റിവെക്കും.

സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്ത ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടു. മത്സ്യ പരിശോധനയ്ക്കിടയില്‍ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലന്‍സിനെ ഏല്‍പിച്ചിട്ടുണ്ട്. ഈ ദുരിതഘട്ടത്തിലും ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് ഉചിതമായ ശിക്ഷാ നടപടിയുണ്ടാകും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും രോഗം പടരുന്നത് ഗൗരവമുള്ള വിഷയമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ പരിഗണന നല്‍കും.
 
ആശുപത്രികളിലെ ഒപികളില്‍ ആള്‍ത്തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇത് ക്രമപ്പെടുത്താന്‍ കഴിയുമോ എന്നത് ആരോഗ്യവകുപ്പ് പരിശോധിക്കും.  

സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനം തുറന്നാല്‍ മാത്രമേ പുനരാരംഭിക്കൂ.

*കേന്ദ്ര പാക്കേജ്*

അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അധിക തുക അനുവദിച്ചതായി ഇന്നലെ കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞത് നിങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് പുതിയൊരു സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്‍റെ വിഹിതമായി അനുവദിക്കുന്ന തുകയാണ്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടിരുന്നില്ലെങ്കിലും ലഭിക്കേണ്ട തുകയാണത്. കേരളത്തിന് 314 കോടി രൂപയാണ് 15-ാം ധനകാര്യ കമ്മീഷന്‍ കേന്ദ്ര വിഹിതമായി നിശ്ചയിച്ചത്. ഇപ്പോള്‍ കിട്ടിയത് അതിന്‍റെ പകുതിയായ 157 കോടി രൂപയാണ്.

കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം ഗ്രാന്‍റുകള്‍ അനുവദിക്കണമെന്നും ഇത് 15-ാം ധനകാര്യ കമ്മീഷന്‍റെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള അധിക പരിഗണനാ വിഷയമായി നിശ്ചയിക്കണമെന്നും പ്രധാനമന്ത്രിയോട് നാം ആവശ്യപ്പെട്ടിരുന്നു. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തെ കോവിഡ് 19 പ്രതിരോധിക്കാനുള്ള സഹായമായി ചിത്രീകരിക്കുന്നത് ഉചിതമല്ല.

ദുരന്ത പ്രതികരണ നിധിയില്‍ നിന്നും കേരളം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിര്‍വഹിക്കുന്നുണ്ട്. 17 കോടി രൂപ ജില്ലാ കളക്ടര്‍മാര്‍ക്ക് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. 15 കോടി രൂപ ആരോഗ്യവകുപ്പിന് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി നല്‍കി. ഇങ്ങനെ ആകെ 32 കോടി രൂപ നല്‍കി.

മാനദണ്ഡമനുസരിച്ച് സംസ്ഥാനത്തിനുള്ള വിഹിതത്തിന്‍റെ 25 ശതമാനം മാത്രമേ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടാന്‍ കഴിയൂ. 10 ശതമാനം ഉപകരണങ്ങള്‍ വാങ്ങുന്നതിനായും ഉപയോഗിക്കാം. എസ്ഡിആര്‍എഫ് തുകയില്‍ ഇക്കാര്യത്തിന് ഇത്രയേ ഉപയോഗിക്കാന്‍ കഴിയൂ. കേരളം ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നത്.

കോവിഡ് 19നെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡിനെയും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍റ് ടാക്സേഷന്‍ (GIFT) നെയും ചുമതലപ്പെടുത്തിയിരുന്നു. രണ്ട് റിപ്പോര്‍ട്ടുകളും ലഭ്യമായിട്ടുണ്ട് (പ്ലാനിങ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇതിനകം തന്നെ പറഞ്ഞിട്ടുള്ളതാണ്).

GIFTന്‍റെ റിപ്പോര്‍ട്ടിലെ അനുമാനപ്രകാരം നമ്മുടെ ആഭ്യന്തര വരുമാനത്തില്‍ ശരാശരി 1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636ല്‍ നിന്നും നമ്മുടെ റവന്യൂ വരുമാനം 81,180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടി രൂപ. സാമൂഹ്യക്ഷേമ ചെലവുകള്‍ അടക്കമുള്ള ചെലവുകള്‍ അതേപടി തുടരുകയും ചെയ്താല്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കും.

സര്‍ക്കാരിന്‍റെ ചെലവുകളില്‍ സാധ്യമായ ക്രമീകരണങ്ങള്‍ വരുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ദ്രുത പഠനം നടത്തി ജൂണ്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധനും സിഡിഎസ് ഡയറക്ടറുമായ ഡോ. സുനില്‍ മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധനകാര്യ ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്‍റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്‍റെ 3 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അവരുടെ വായ്പാ പരിധി 5.5 ശതമാനമായി ഈയിടെ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 3 ശതമാനമായി തുടരുന്നത് ഫെഡറല്‍ സംവിധാനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. വായ്പാപരിധി ഉയര്‍ത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്.

*സര്‍വെ*

കോവിഡ് 19 സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതി  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സര്‍വേ നടത്തുകയാണ്. സര്‍വെക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുന്നത്.

കോവിഡ് 19ഉം ലോക്ക്ഡൗണുംമൂലം വിവിധ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഈ ചോദ്യാവലിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാന്‍ ആവശ്യമായ സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുന്നില്ല. ഈ സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതു കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്കുമാര്‍ സിങ് (കണ്‍വീനര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ ഇടക്കാല പഠന റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

*ലൈഫ്*

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടു ലക്ഷത്തി ഇരുപതിനായിരത്തോളം കുടുംബങ്ങള്‍ക്ക് ലൈഫ് മിഷനിലൂടെ പുതിയ വീടുകള്‍ നല്‍കാന്‍ കഴിഞ്ഞു. വൈറസ് ഭീതിയുടെയും ലോക്ക്ഡൗണിന്‍റെയും കാലഘട്ടത്തില്‍ 2.2 ലക്ഷം കുടുംബങ്ങളിലെ 10 ലക്ഷത്തിലധികം ആളുകള്‍ക്കാണ് സുരക്ഷിതമായ പാര്‍പ്പിടം ലഭ്യമായത്.

കോവിഡ് സമയത്തു വീടുകളുടെ നിര്‍മാണം പലസ്ഥലത്തും പൂര്‍ണമായി നിന്ന് പോയിട്ടുണ്ട്. അമ്പതിനായിരത്തോളം വീടുകളുടെ നിര്‍മാണമാണ് മഴയ്ക്ക് മുമ്പ് തന്നെ പൂര്‍ത്തീകരിക്കാന്‍ പാകത്തില്‍ അന്തിമ ഘട്ടത്തിലുള്ളത്. ഇവയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഇതിനായുള്ള സ്റ്റേറ്റ് ഷെയറിന്‍റെ വിതരണം ഈ ആഴ്ച തുടങ്ങും. രണ്ടാം ഘട്ടത്തില്‍ ഏറ്റെടുത്തിട്ടുള്ള വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള മുഴുവന്‍ തുകയും ലഭ്യമാക്കിയിട്ടുണ്ട് (550 കോടി).

*പുസ്തകം*

കൊറോണ പ്രതിരോധത്തില്‍ കേരളം എങ്ങനെ ലോകത്തിന് മാതൃകയാകുന്നു എന്ന് ചിത്രീകരിക്കുന്ന ഒരു പുസ്തകം തിരുവനന്തപുരം ഗുഡ് ഷെപ്പേഡ് സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം ആര്‍ നായര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാറ്റ്സ്മാനോ സ്പൈഡര്‍മാനോ സൂപ്പര്‍മാനോ അല്ല നമ്മുടെ ഡോക്ടര്‍മാരും നഴ്സുമാരും പൊലീസുകാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് യഥാര്‍ത്ഥ നായകര്‍ എന്നാണ് ആ 14കാരന്‍ തന്‍റെ പുസ്തകത്തില്‍ സ്ഥാപിക്കുന്നത്.  ലോക്ക്ഡൗണ്‍ കാലത്തെ ഗൗതമിന്‍റെ രണ്ടാമത്തെ പുസ്തകമാണിത്. ആ കുട്ടിയെ അഭിനന്ദിക്കുന്നു.

*സഹായം*

ഖാദി ബോര്‍ഡ് 1 ലക്ഷം മാസ്ക്, നേരത്തെ 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

*ദുരിതാശ്വാസം*

കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് 1 കോടി രൂപ

രജിസ്റ്റേര്‍ഡ് മെറ്റല്‍ ക്രഷര്‍ യൂണിറ്റ് ഓണേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി 1 കോടി 1 ലക്ഷം രൂപ

കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ 12,25,000 രൂപ. ഇതിനു പുറമെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 5 ലക്ഷം.

എജീസ് ഓഫീസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് കെഡ്രിറ്റ് സൊസൈറ്റി 10 ലക്ഷം രൂപ

ദുബായിലെ ഡോള്‍ഫിന്‍ ഷിപ്പിങ്ങ് ലൈന്‍ ഗ്രൂപ്പ് എംഡി അഹമ്മദ് ഷബീര്‍ കാക്കശ്ശേരി സുബൈര്‍ 10 ലക്ഷം രൂപ
 
ഇഎസ്ഐ കോര്‍പ്പറേഷനിലെ ജീവനക്കാരുടെ സംഘടന ഇഎസ്ഐ സിഇയു 7,45,005 രൂപ.

ഹൈറേഞ്ച് സംരക്ഷണ സമിതി, രക്ഷാധികാരിയായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ സ്മരണാര്‍ത്ഥം കര്‍ഷകര്‍ സമാഹരിച്ച ഉല്‍പനങ്ങള്‍ വിറ്റുകിട്ടിയ 2,57,600 രൂപ

സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം അംഗങ്ങളുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് 2.66 ലക്ഷം

കോട്ടയ്ക്കല്‍ സ്വദേശിനി ഭഗവതി സ്വര്‍ണ്ണവള

കുന്നുകര സ്വദേശിനി ലക്ഷമി പി എം  കമ്മലും, മക്കള്‍ സ്വരുക്കൂട്ടിയ തുകയും

ഇലന്തൂര്‍ വലിയ വീട്ടില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍  ജേക്കബ് തോമസും ഭാര്യ സുസന്നാമ്മ ജേക്കബും തങ്ങളുടെ അമ്പത്തിയൊന്‍പതാമത് വിവാഹ വാര്‍ഷികത്തില്‍ ചടങ്ങുകള്‍ ഉപേക്ഷിച്ച് 50,000 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

പാലക്കാട്ട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ പോലീസ് പരിശോധന; നാടകീയരംഗങ്ങൾ, സംഘർഷം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം,...

ട്രെയിനിൽ ബോംബ് ഭീഷണി മദ്യലഹരിയിൽ; ആളെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലീസ്

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തിയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ബോംബ് ഭീഷണി മുഴക്കിയത് മദ്യലഹരിയിൽ പത്തനംതിട്ട സ്വദേശിയാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ്....

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.