ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്കടുക്കുന്നു. 20,86,864 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് ദിവസത്തിനുള്ളില്‍ 5,04,000 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 60,000 കേസുകളില്‍ അധികമാണ്.
ആന്ധ്രയില്‍ പോസിറ്റീവ് കേസുകള്‍ രണ്ട് ലക്ഷം കടന്നു. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് അടക്കം നാല് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മണിപ്പൂരില്‍ 165 കേന്ദ്രസേന അംഗങ്ങള്‍ രോഗബാധിതരായി.
രോഗവ്യാപനം തീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ 10,483ഉം, ആന്ധ്രയില്‍ 10,171ഉം, കര്‍ണാടകയില്‍ 6,670ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,06,960ഉം, മരണം 1,842ഉം ആയി.
കര്‍ണാടകയില്‍ ആകെ മരണം 2,998 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ 2,147 പുതിയ കേസുകള്‍. 22 മരണവുമുണ്ട്. ആകെ പോസിറ്റീവ് കേസുകള്‍ 69,572 ആയി. ആകെ മരണം 1199 ആയിട്ടുണ്ട്. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 2,85,024ഉം, മരണം 4,690ഉം ആയി. ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 1,42,723 ആയി ഉയര്‍ന്നു. ബിഹാറില്‍ 3646ഉം, അസമില്‍ 2679ഉം, ഗുജറാത്തില്‍ 1074ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പരിശോധനകളുടെ എണ്ണം കൂട്ടാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കി.