ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4529 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. 3,89,851 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 28,438 പേര്‍ക്കാണ് രോഗം. 52,898 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 679 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകള്‍ 4,19,727.
രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ക്ക് കൊവിഡ് വാക്സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കൊവിഡ് വാക്സിനുകളുടെ ദൗര്‍ലഭ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനത്തില്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.
‘ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമുണ്ട്. ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത് ഒരു നല്ല കാര്യമല്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിലോ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിലോ അതിനെ നേരിടാന്‍ ആശുപത്രികളില്‍ ഓക്സിജന്‍ സൗകര്യം ഉണ്ടായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് നിതിന്‍ ഗഡ്കരി ഓക്സജിസന്‍ ക്ഷാമത്തെ കുറിച്ച് പറഞ്ഞത്. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഇതുവരെ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നും ശ്രദ്ധേയമാണ്.