KeralaNews

കൊടൈക്കനാലിലെ ഫ്ലാറ്റും ആനയും സ്കൂളും ഗണേഷിന്, ആയൂരിലെ 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷയ്ക്ക്, ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രത്തിലെ വിവരങ്ങൾ പുറത്ത്

കൊല്ലം:കെ.ബി ഗണേഷ് കുമാറിനെതിരെ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടതിന്റെ കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ പുറത്തു വിടുമെന്നു ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ്. ‘ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയെ കണ്ടുവെന്നതു സത്യമാണ്. അതു കുടുംബപ്രശ്നവുമായി ബന്ധപ്പെട്ടു തന്നെയാണ്’- ഉഷ വ്യക്തമാക്കി

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രവുമായി ബന്ധപ്പെട്ടു ഗണേഷിനെതിരെ പരാതിയുമായി സഹോദരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടതിനെത്തുടർന്നാണു ഗണേഷ് കുമാറിന് ആദ്യ േടമിൽ മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതെന്നു പ്രചാരണമുണ്ടായിരുന്നു.

‘അച്ഛന്റെ വിൽപത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ കഴിയുമോയെന്നു നോക്കട്ടെ. ബാക്കി അപ്പോൾ പുറത്തുവിടാം’- ഉഷ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന ഗണേഷ് കുമാറിന്റെ പ്രതികരണത്തോടു ‘തൽക്കാലം അങ്ങനെയിരിക്കട്ടെ’ എന്നായിരുന്നു മറുപടി.

2011 ൽ ബാലകൃഷ്ണപിള്ള ജയിലിൽ ആയപ്പോൾ കൊട്ടാരക്കരയിൽ ഉഷയെ മത്സരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. ബാലകൃഷ്ണപിള്ള അനുകൂല നിലപാട് സ്വീകരിച്ചിരുന്നെന്നും ഗണേഷ് എതിർത്തതോടെയാണു ഡോ.എൻ.എൻ. മുരളി സ്ഥാനാർഥിയായതെന്നും പാർട്ടിയിൽ പ്രചാരണമുണ്ടായിരുന്നു.

അതേസമയം, മന്ത്രിസ്ഥാനം രണ്ടാം ടേമിലേക്കു മാറാൻ കാരണം സാമൂഹിക പരിഗണനകളാണെന്നും കുടുംബപ്രശ്നങ്ങളാണെന്ന ആക്ഷേപത്തെക്കുറിച്ച് അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

ബാലകൃഷ്ണ പിള്ളയുടെ വിൽപത്രം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. 3 മക്കൾക്കും 2 ചെറുമക്കൾക്കും ബാലകൃഷ്ണപിള്ള ചാരിറ്റബിൾ ട്രസ്റ്റിനും സ്വത്തു വീതിച്ചു നൽകിയാണു വിൽപത്രം തയാറാക്കിയിട്ടുള്ളത്. 2020 ഓഗസ്റ്റ് 9 ന് പിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് ഇതു ചെയ്തതെന്നും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വിൽപത്രം തയാറാക്കിയതിനു നേതൃത്വം നൽകിയ കേരള കോൺഗ്രസ്(ബി) മണ്ഡലം പ്രസിഡന്റ് കെ.പ്രഭാകരൻ നായർ അറിയിച്ചു.

എംസി റോഡിൽ ആയൂരിനു സമീപം 15 ഏക്കർ റബർത്തോട്ടം മൂത്തമകൾ ഉഷ മോഹൻദാസിന് അവകാശപ്പെട്ടതാണെന്നു വിൽപത്രത്തിലുണ്ട്. വാളകം പാനൂർകോണത്ത് 5 ഏക്കർ സ്ഥലം ഉഷയുടെ മക്കളായ ദേവിക്കും കാർത്തികയ്ക്കുമാണ്. കൊട്ടാരക്കര കീഴൂട്ട് വീട് ഉൾപ്പെട്ട 15 സെന്റും പൊലിക്കോട്ടെ രണ്ടര ഏക്കറും രണ്ടാമത്തെ മകൾ ബിന്ദുവിനും വാളകത്തെ വീടും സ്കൂളുകളും ഉൾപ്പെടുന്ന 5 ഏക്കർ ഗണേഷ്കുമാറിനും അവകാശപ്പെട്ടതാണ്.

ഇടമുളയ്ക്കൽ മാർത്താണ്ടംകര സ്കൂളും കൊട്ടാരക്കര കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും ഗണേഷിനാണെന്നുമുണ്ട്. ബാലകൃഷ്ണ പിള്ളയുടെ മരണശേഷം ഗണേഷാണു സ്കൂൾ മാനേജരെന്നും വിൽപത്രത്തിൽ പറയുന്നു. വാളകം ബിഎഡ് സെന്റർ, കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും പാർട്ടി ഓഫിസുകൾ എന്നിവ ട്രസ്റ്റിന്റെ പേരിലാണ്. പാർട്ടി ചെയർമാനാണു ട്രസ്റ്റിന്റെയും ചെയർമാൻ.

2017ൽ തയാറാക്കി 2 വർഷം റജിസ്ട്രാർ ഓഫിസിൽ സൂക്ഷിച്ചിരുന്ന വിൽപത്രം റദ്ദാക്കിയാണ് ബാലകൃഷ്ണപിള്ള രണ്ടാമത്തേതു തയാറാക്കിയത്. ആദ്യത്തേതിൽ ഗണേഷ്കുമാറിനു കാര്യമായ പരിഗണന കിട്ടിയിരുന്നില്ലെന്നു പ്രഭാകരൻ നായർ പറയുന്നു. പിന്നീട് ഗണേഷ് സ്ഥലത്തില്ലാത്ത ദിവസം പിള്ളയുടെ നിർദേശപ്രകാരം മാറ്റിയെഴുതുകയായിരുന്നു. മറ്റു മക്കൾക്കും ഇതെക്കുറിച്ച് അറിവില്ലായിരുന്നു. ആധാരം എഴുതിയ മധുസൂദനൻ പിള്ളയും താനുമായിരുന്നു സാക്ഷികളെന്നും പ്രഭാകരൻ നായർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker