ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിന് അടുത്താളുകള്‍ക്ക്. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത് രണ്ടായിരത്തിന് മുകളില്‍ ആളുകളാണ്. ഇതിന്റെ കാല്‍ ഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയില്‍ മാത്രമാണ്. വിശദമായ റിപ്പോര്‍ട്ട് ലഭ്യമാകുന്നതേയുള്ളു.
അതേസമയം, കോവിഡ് വാക്സിന്‍ മരുന്ന് കടകളില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും കേന്ദ്രം ആവര്‍ത്തിച്ചു. സര്‍ക്കാര്‍ സംവിധാനത്തിന് പുറത്ത് വാക്സിന്‍ ഡോസിന് 750 മുതല്‍ 1,000 രൂപ വരെ വിലയീടാകുമെന്നാണ് കമ്പനികളുടെ നിലപാട്.
കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായി. ദില്ലി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടാവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം വാക്‌സീന്‍ ക്ഷാമവും രൂക്ഷമാണ്.
ക്ഷാമം പരിഹരിക്കാനുള്ള നട പടികള്‍ ഊര്‍ജ്ജിതമാക്കിയതായി പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കി. തല്‍ക്കാലം ലോക്ക് ഡൗണിനെ കുറിച്ചാലോചിക്കുന്നില്ലെന്നും രോഗനിയന്ത്രണത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. മാര്‍ച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്‍ഷ്വറന്‍സ് തുടരാനുള്ള തീരുമാനം.
ഒരു വര്‍ഷത്തേക്ക് കൂടി പദ്ധതി നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ഒപ്പം പദ്ധതി നീട്ടിയതായുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സീന്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കല്‍ നീക്കത്തിന്റെ ഭാഗമായും അവസാനിപ്പിച്ചത്.