കാക്കനാട്: ജില്ലയിൽ കോവിഡ് രോഗികളുടെ ചികിത്സയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതൽ സൗകര്യങ്ങൾ നിലവിൽ സജ്ജജമാണ്. ജില്ലയിൽ ആകെ 360 വെൻ്റിലേറ്ററുകളാണ് നിലവിലുള്ളത്. ഇതിൽ 138 എണ്ണത്തിലാണ് രോഗികളുള്ളത്. 222 എണ്ണം രോഗികളെ ഉൾക്കൊള്ളാൻ സജ്ജമാണ്. 1085 ഐ.സി.യു ബെഡുകളിൽ 429 എണ്ണവും 3351 ഓക്സിജൻ ബെഡുകൾ ഉള്ളതിൽ 1967 എണ്ണവും 9586 സാധാരണ കിടക്കകളിൽ 6069 എണ്ണവും ചികിത്സക്കായി ഉപയോഗിക്കാം.
കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനായി ട്രീറ്റ്മെൻ്റ് സെൻ്ററുകളുടെ പ്രവർത്തനവും വിപുലപ്പെടുത്തി. പുതിയതായി അഞ്ച് എഫ്.എൽ.ടി.സി കൾ കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും. കോർപറേഷൻ പരിധിയിൽ രണ്ടെണ്ണമാണ് പുതിയതായി തുടങ്ങുന്നത്.
ഡൊമസ്സിലിയറി കെയർ സെൻ്റർ (ഡി.സി.സി) , സെക്കൻ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ എന്നിവ തിരിച്ചാണ് രോഗികളെ പരിചരിക്കുന്നത്. നിലവിൽ ബി, സി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള ഗുരുതര ലക്ഷണങ്ങളുള്ളവരെയാണ് ആശുപത്രികളിലേക്ക് മാറ്റുന്നത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിതരെ ഡി.സി.സി കളിൽ ചികിത്സ നൽകും. നഴ്സിൻ്റെ സേവനമാണ് ഇവർക്ക് ലഭിക്കുന്നത്. ജില്ലയിൽ നാല് ഡി.സി.സി കളാണ് പ്രവർത്തിക്കുന്നത്. മൂന്ന് സി എസ്.എൽ.ടി.സികൾ സർക്കാർ തലത്തിലും , രണ്ട് സ്വകാര്യ എഫ്.എൽ.ടി.സി കളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ സർക്കാർ ആശുപത്രികൾ ഉൾപ്പടെ 11 കേന്ദ്രങ്ങളിൽ ജില്ലയിൽ കോവിഡ് ചികിത്സയുണ്ട്.