കൊച്ചി: കൊവിഡിന്റെ മൂന്നാം തരംഗം പിടിമുറുക്കുകയാണ്, രാജ്യത്ത്. കേരളത്തിലും പ്രതിദിന കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നു. ലോക്ക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണ മാര്‍ഗങ്ങള്‍ ഇനിയും കൊണ്ടുവരുന്നത് ജനങ്ങളെ സാമ്പത്തികമായി തകര്‍ക്കും എന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. സര്‍ക്കാരും അതു ശരിവയ്ക്കുന്നുണ്ട്. എങ്കിലും കൊവിഡിനെതിരെ നിയന്ത്രണ നടപടികള്‍ ഇല്ലാതെ എങ്ങനെയാണ് നമുക്ക് അതിജീവിക്കാനാവുക? മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് എന്തൊക്കെ ചെയ്യാനാവും? നാം ഓരോരുത്തരും വ്യക്തിപരമായി എന്തൊക്കെ ചെയ്യേണ്ടതുണ്ട്? ഇക്കാര്യങ്ങളൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ്, മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍.
കുറിപ്പ് വായിക്കാം:
കൊറോണയുടെ തിരിച്ചുവരവ്രണ്ടായിരത്തി ഇരുപത് മാര്‍ച്ച് മുതല്‍ കോവിഡിനെപ്പറ്റി എഴുതുന്നു. സ്ഥിരമായി നാട്ടുകാരെ പേടിപ്പിക്കാന്‍ ‘പുലി വരുന്നേ’ എന്ന് പറഞ്ഞുകൊണ്ടിരുന്ന പയ്യനെ അവസാനം ആളുകള്‍ വിശ്വസിക്കാതെയായി എന്നൊരു കഥയുണ്ട്. പക്ഷെ കഥയുടെ അവസാനം പുലി വന്നു, ആ ഭാഗം പക്ഷെ ആരും ശ്രദ്ധിക്കാറില്ല. കൊവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്.രണ്ടായിരത്തി ഇരുപത് മാര്‍ച്ചില്‍ കോവിഡ് മറ്റു രാജ്യങ്ങളില്‍ സംഹാരതാണ്ഡവം ആടിയപ്പോള്‍ നമ്മള് അതിവേഗത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചു, കേസുകളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കുള്ളില്‍ നിര്‍ത്തി. മറ്റു പല രാജ്യങ്ങളിലെ പോലെ ആദ്യത്തെ തരംഗത്തില്‍ മരണം ഏറെ ഉണ്ടാകാത്തത് കൊണ്ട് നമുക്ക് പ്രത്യേക ഇമ്മ്യൂണിറ്റി ഉണ്ടെന്നെല്ലാം ആളുകള്‍ വിശ്വസിച്ചു.
രണ്ടാം തരംഗം മറ്റിടങ്ങളില്‍ വന്നപ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല, ആശുപത്രി കിടക്കകള്‍ കിട്ടാതായി, ഓക്സിജന്‍ വരെ ക്ഷാമം ഉണ്ടായി, ഒഴിവാക്കാവുന്ന മരണങ്ങള് ഉണ്ടായി.മൂന്നാം തരംഗം യൂറോപ്പില്‍ എത്തിയിട്ട് രണ്ടു മാസമായി. മറ്റിടങ്ങളെക്കാള്‍ കുറച്ചു വൈകിയാണ് ഇന്ത്യയില്‍ മറ്റു തരംഗങ്ങള്‍ എത്തിയത്, അതുകൊണ്ട് തന്നെ ഇവിടേയും ഒരു തരംഗം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. മൂന്നാഴ്ചയായി ഇന്ത്യയില്‍ കൊറോണ കേസുകള്‍ അതി വേഗത്തില്‍ കൂടുകയാണ്. ഇപ്പോള്‍ കേരളത്തിലും.ഈ തരംഗത്തില്‍ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തരംഗത്തിലെ പരമാവധിയായ നാല്പത്തിനായിരങ്ങള്‍ക്ക് അപ്പുറം പോകുമെന്ന് ഇപ്പോള്‍ ഉറപ്പായിട്ടുണ്ട്.
കേസുകളുടെ എണ്ണം പ്രതിദിനം ലക്ഷം കഴിയുമോ എന്നതാണ് നോക്കേണ്ടത്. കോവിടിന്റെ ഈ തരംഗത്തില്‍ അനവധി ഇടങ്ങളില്‍ കഴിഞ്ഞ തരംഗത്തിലും പലമടങ്ങ് ഉയരത്തില്‍ എത്തി. അത് കൊണ്ട് തന്നെ പ്രതിദിനം ഒരു ലക്ഷം എന്നത് സാധ്യമായ ഒന്നാണ്.കോവിഡ് കേസുകള്‍ക്കപ്പുറം പ്രധാനമായത് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണമാണ്. വാക്സിനേഷന് വന്നത് കൊണ്ട് പ്രധാനമായി ഇത്തവണ രോഗം വരുന്നവരില്‍ ആശുപത്രിയില്‍ എത്തുന്നവര്‍ ഏറെ കുറവാണ്. അതില്‍ തന്നെ വാക്സിന് എടുക്കാത്തവര്‍ക്കാണ് പ്രധാനമായും രോഗം കൂടുന്നതും മരണങ്ങള് സംഭവിക്കുന്നതും.
കേരളത്തില്‍ വാക്സിനേഷന് നിരക്ക് വളരെ കൂടുതലാണ്, അതുകൊണ്ട് തന്നെ ഈ തവണയും നമ്മുടെ ആശുപത്രി സംവിധാനങ്ങളുടെ (എഫ് എല്‍ ടി സി ഒക്കെ ഉള്‍പ്പടെ) പരിധിക്കകത്ത് കേസുകള്‍ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിക്കും. പക്ഷെ നമ്മള് എല്ലാവരും ഒന്ന് സഹകരിക്കണം.ആളുകള്‍ സാന്പത്തികമായും മാനസികമായും ക്ഷീണിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ലോക്ക് ഡൌണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാതിരിക്കുന്നതാണ് നല്ലത്. ഒമ്പതാം കല്സ്സ് വരെയുള്ള സ്കൂള്‍ അടച്ചു ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. ഒട്ടും സുഖകരമായ തീരുമാനമല്ല, പക്ഷെ കേസുകളുടെ എണ്ണം പരിധി കടക്കാതിരിക്കാന്‍ ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടി വരും.
മറ്റു നാടുകളിലെ രീതി അനുസരിച്ചാണെങ്കില്‍ ഒരു മാസത്തിനകം കേസുകളുടെ എണ്ണം വീണ്ടും താഴേക്ക് വരും. കേരളം പോലെ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന സ്ഥലങ്ങളില്‍ വീണ്ടും ‘ഫ്ളാറ്റനിങ്ങ് ദി കര്‍വ്വ്’ എഫ്ഫക്റ്റ് ഉണ്ടാകും, അതായത് മറ്റു സ്ഥലങ്ങളെക്കാള്‍ കുറച്ചു കൂടി സമയം വേണ്ടി വരും ഇവിടെ കേസുകള്‍ വീണ്ടും ആയിരത്തിന്റെ താഴെ പോകാന്‍. പക്ഷെ കേസുകളുടെ ഏഴു ദിവസത്തെ ശരാശരി താഴേക്ക് വരാന്‍ തുടങ്ങുമ്പോള്‍ തന്നെ നിയന്ത്രണങ്ങളില്‍ അയവു വരുത്തി ആളുകള്‍ക്ക് അല്പം ആശ്വാസം നല്‍കണം. ഏറ്റവും വേഗത്തില്‍ സ്കൂളുകള്‍ തുറക്കണം, അത് വിദ്യാഭ്യാസത്തിന്റെ മാത്രം കാര്യമല്ല, വിദ്യാര്‍ത്ഥികളുടെ മാനസിക വളര്‍ച്ചയുടേയും ആരോഗ്യത്തിന്റെയും കാര്യമാണ്.
ഇതൊക്കെ സര്‍ക്കാര്‍ ചിന്തിക്കുന്ന കാലത്ത് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ചിലതുണ്ട്.
1. നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വാക്സിന് എടുക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരെ അതിന് പ്രേരിപ്പിക്കുക. വാക്സിന് എടുക്കാത്തവര്‍ക്ക് രോഗം വന്നാല്‍ മരിക്കാനുള്ള സാധ്യത വാക്സിന് എടുത്തവരെക്കാള്‍ പതിനഞ്ചു മടങ്ങ് വരെ കൂടുതലാണ്. നമ്മുടെ കയ്യില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും ശക്തമായ പ്രതിരോധം വാക്സിന് തന്നെയാണ്.
- ഒരു ഡോസ് എടുത്തവര്‍ രണ്ടാമത്തേതും, രണ്ടും ലഭിച്ചവര്‍ ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റര്‍ ഡോസും എടുക്കുക.
- ഒപ്പം വാക്സിന് എടുത്തത് കൊണ്ട്, ബൂസ്റ്റര്‍ ഉണ്ടെങ്കില്‍ പോലും, രോഗം വരില്ല എന്ന വിശ്വാസം ഒഴിവാക്കുക.
- നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഈ വര്‍ഷത്തേക്ക് പുതുക്കി കയ്യില്‍ വക്കുക. ആവശ്യം വന്നാല്‍ സാന്പത്തിക പരാധീനതയില്‍ പെടരുതല്ലോ.
- മാസ്ക്ക്, ഹാന്‍ഡ് വാഷ്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് എല്ലാം കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കുക.
- കല്യാണങ്ങള്‍ ഒക്കെ വീണ്ടും ആയിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്, സര്‍ക്കാര്‍ നിര്‍ദ്ദേശം എഴുപത്തി അഞ്ചും നൂറ്റന്പതും ഒക്കെ ആണെങ്കിലും. ഇക്കാര്യങ്ങളില്‍ പരമാവധി കരുതല്‍ എടുക്കുക. പറ്റിയാല്‍ രണ്ടു മാസത്തേക്ക് മാറ്റി വക്കുക.
- ഉത്സവങ്ങളും, പെരുന്നാളുകളും, പാര്‍ട്ടി സമ്മേളനങ്ങളും, വോളിബോള്‍ മാച്ചുകളും ആയിരക്കണക്കിന് ആളുകളെ ചേര്‍ത്ത് യാതൊരു സാമൂഹിക അകലവും ഇല്ലാതെ നടത്തുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. നിയമം പാലിച്ചും പാലിപ്പിച്ചും നാട്ടുകാരും പോലീസും മടുത്തു എന്ന് തോന്നുന്നു. ചുരുങ്ങിയത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഒരല്പം ബ്രേക്ക് ഇടുന്നത് നല്ലതാണ്.
- മറ്റുള്ളവര്‍ നിയന്ത്രിച്ചാലും ഇല്ലെങ്കിലും അടുത്ത ഒരു മാസക്കാലം നമ്മള് വ്യക്തിപരമായി പരമാവധി സന്പര്‍ക്കം കുറക്കുക. യാത്രകള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. തീയേറ്റര്‍ പോലുള്ള അടച്ചു പൂട്ടിയതും എ. സി. ഉള്ളതുമായ സാഹചര്യങ്ങളില്‍ സമയം ചിലവഴിക്കാതിരിക്കുക. വിദേശ യാത്ര ചെയ്യുന്നവര്‍ അതിര്‍ത്തികള്‍ അടച്ചിടാനുള്ള സാധ്യത ഉണ്ടെന്ന് മനസ്സില്‍ കാണുക.
- നിങ്ങളുടെ വീട്ടില്‍ പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ പരമാവധി സംരക്ഷിക്കാന്‍ ശ്രമിക്കുക. അങ്ങനെയുള്ളവരുള്ള വീടുകളില്‍ പോകുന്നത് ഒരു മാസത്തേക്കെങ്കിലും ഒഴിവാക്കുക.
- ഇതൊക്കെ പറയുന്പോഴും നല്ല മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ മനഃപൂര്‍വ്വം ശ്രമിക്കുക. സുഹൃത്തുക്കളെ ചെറിയ ഗ്രൂപ്പ് ആയി കാണുക, പുറത്തിറങ്ങി നടക്കുക, കൂട്ടുകാരും ബന്ധുക്കളുമായി സംസാരിക്കുക. ഓ. ടി. ടി. യില്‍ സിനിമ കാണുക, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എല്ലാം പ്രധാനമാണ്. ഇതൊരു കെട്ട കാലമാണ്, നമുക്ക് അതിജീവിച്ചേ പറ്റൂ,സുരക്ഷിതരായിരിക്കുക