ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനെ ജനങ്ങള്‍ അതീവ ഗൗരവത്തിലെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്ഥിരം നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ നിസാരമായി കാണരുത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ജയിലില്‍ കഴിയുന്നത് പോലെയാണ് ജനങ്ങള്‍ക്ക് തോന്നുന്നതെന്നും അതിനാലാണ് അവര്‍ വീട്ടിന് പുറത്തിറങ്ങുന്നതെന്നുമാണ് ഒരു വാര്‍ത്തയില്‍ പറഞ്ഞതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
ഹിമാചല്‍ പ്രദേശിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.വന്‍ ജനക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അവഗണിച്ചാണ് ഇത്തരം ഒത്തുകൂടലുകള്‍.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതലാളുകള്‍ എത്തുന്ന വിഷയം ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ‘വിനോദ സഞ്ചാര മേഖലയെയും വ്യാപാര മേഖലയെയും കോവിഡ് സാരമായി ബാധിച്ചെന്നത് ശരിയാണ്. എന്നാല്‍, ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലും മാസ്ക് പോലും ധരിക്കാതെ ആളുകള്‍ എത്തുന്നത് ശരിയല്ല’ -കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.
വൈറസ് സ്വന്തം നിലക്ക് ഇല്ലാതാവില്ല. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് നാം തന്നെയാണ് വൈറസിനെ ഒപ്പം കൂട്ടുന്നത്. ജനക്കൂട്ടങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുകയാണ്. കോവിഡിനെ തുടച്ചുനീക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു