തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ തീരുമാനം. ആരോഗ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം. ദിവസം രണ്ടു ലക്ഷം പരിശോധന നടത്താന്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍ദേശിച്ചു.
സെപ്റ്റംബറിനകം ഒരു ഡോസ് വാക്സിന് എങ്കിലും എല്ലാവര്ക്കും ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി വാക്സിനേഷന് ഊർജിതമാക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂട്ടാനും യോഗത്തില്‍ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
രോഗ വ്യാപനമേഖലകളില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ആള്‍ക്കൂട്ടം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെ ഡിഎംഒമാരും വാക്സിനേഷന് ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഓണാഘോഷങ്ങൾക്കു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകാനിടയുണ്ടെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നുമുള്ള വിദഗ്ധരുടെ മു ന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. ഓണം ആഘോഷങ്ങളുടെ ഭാഗമായി നൽകിയ ഇളവുകൾ മൂലം രോഗ വ്യാപനമുണ്ടായിട്ടുണ്ടെങ്കിൽ അത് ഈ ആഴ്ച മുതൽ പ്രകടമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഓണക്കാലത്ത് മിക്കയിടത്തും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും. മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നു ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നി ർദേശിച്ചിരുന്നു.
മൂന്നാം തരംഗ വ്യാപനം നേരിടുന്നതിനായി താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ കൂടുതൽ ഓക്സിജൻ കിടക്കകളും ഐസിയുവും സജ്ജമാക്കാനുള്ള നീക്കം സർക്കാർ ആരംഭിച്ചിരുന്നു.