സെക്രട്ടേറിയറ്റ് ജീവക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കൊവിഡ് വ്യാപനം രൂക്ഷം. തിങ്കളാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഉള്‍പ്പെടെ ഓഫീസുകളിലെ 72 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി വി ശിവന്‍കുട്ടിക്കും വനം, ദേവസ്വം, ആരോഗ്യം ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ ഓഫീസ് ജീവനക്കാര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ലൈബ്രറി അടച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ ധാരാളം ഫയലുകള്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടതായിട്ടുണ്ട്. ജീവനക്കാരിലെ കോവിഡ് വ്യാപനം ഫയല്‍ നീക്കം കാര്യമായി ബാധിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ഡല്‍ഹിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News