കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ജില്ലയില്‍ ഫലം കണ്ടു എന്നാണ് നിഗമനം. നിലവില്‍ എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്തില്‍ മാത്രമാണ് അന്‍പത് ശതമാനത്തിലേറെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുള്ളത്. നേരത്തെ 19 പഞ്ചായത്തുകളിലാണ് ഇത്രയും ഉയര്‍ന്ന നിലയിലുള്ള ടിപിആര്‍ രേഖപ്പെടുത്തിയത്.
നിലവില്‍ എറണാകുളം ജില്ലയില്‍ 25 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള എല്ലാ പഞ്ചായത്തുകളിലും നിയന്ത്രണം കടുപ്പിക്കുമെന്നും രാജീവ് വ്യക്തമാക്കി. നിലവില്‍ എറണാകുളം ജില്ലയില്‍ അന്‍പത് ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളത് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മാത്രമാണെന്നും രാജീവ് അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് 16 മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതില്‍ മലപ്പുറം ഒഴികെ മറ്റു ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നേരത്തെ പിന്‍വലിച്ചിരുന്നു. സംസ്ഥാന വ്യാപകമായി മെയ് ഒന്‍പത് മുതല്‍ 30 വരെയാണ് ലോക്ക് ഡൗണ്‍.