കൊല്ലം: കേരളം തീവ്ര രോഗബാധയുള്ള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്ധർ. ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്.
പ്രതിദിന വർധന 7000നും മുകളിൽ. വരും ആഴ്ചകളിൽ അത് ഇരുപതിനായിരത്തിന് മുകളിലാകാനും സാധ്യതകൾ ഏറെ.ഒരു നിശ്ചിത സമയത്തിൽ എത്രത്തോളം രോഗ ബാധ കൂടുന്നു എന്ന് കണക്കാക്കുന്ന മൂവിങ് ഗ്രോത് റേറ്റിൽ 7 ദിവസത്തെ കണക്ക് നോക്കിയാൽ കേരളത്തിലേത് 28 ആണ്. ദേശീയ ശരാശരി വെറും 7. ഇതേ കണക്ക് 30 ദിവസത്തെ നോക്കിയാൽ കേരളത്തിലേത് 96, ദേശീയ ശരാശരി 46ഉം.
മൂവിങ് ഗ്രോത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയിലധികമാണ് കോവിഡ് രോഗികളുടെ വർധന. കഴിഞ്ഞ ദിവസങ്ങളിലേ മരണ നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തെ മാത്രം വർധന 140 ശതമാനം ആണ്. അതീവ ഗുരുതരം സാഹചര്യം.
പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം. ക്രിട്ടിക്കൽ കെയർ ചികിത്സ വിഭാഗങ്ങൾ എല്ലാ ജില്ലകളിലും പൂർണ തോതിൽ സജ്ജമാക്കണം. പത്തനംതിട്ട , ഇടുക്കി, മലപ്പുറം, കാസർകോട് പോലുള്ള ജില്ലകളിൽ ക്രിട്ടിക്കൽ കെയര്‍ സംവിധാനങ്ങൾ വേണ്ട പോലെ ഇല്ല എന്ന വലിയ പ്രതിസന്ധി സർക്കാരിന് മുന്നിൽ ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴികെ ക്രിട്ടിക്കൽ കെയറിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ സർക്കാർ മേഖലയിൽ ഇല്ല എന്നതും തിരിച്ചടി ആണ്.