ന്യൂഡൽഹി :ഇനി കൊവിഡ് ടെസ്റ്റിനായി വീടു വിട്ട് പോകേണ്ട ആവശ്യമില്ല. വീട്ടിലിരുന്ന് കേവലം രണ്ട് മിനിട്ടുകൊണ്ട് കൊവിഡ് ടെസ്റ്റ് നടത്താനാവുന്ന കിറ്റ് വികസിപ്പിച്ച് പൂനെ ആസ്ഥാനമായുള്ള കമ്പനി.
കൊവിസെൽഫ് എന്ന് പേരിട്ടിരിക്കുന്ന ഈ കിറ്റ് അടുത്ത ഒരാഴ്ചയ്ക്കകം രാജ്യത്തെ ഏഴ് ലക്ഷത്തോളം ഫാർമസികളിൽ ലഭ്യമാകുമെന്ന് കിറ്റ് വികസിപ്പിച്ച മൈലാബ് ഡിസ്‌കവറി സൊല്യൂഷൻസ് ഡയറക്ടർ സുജീത് ജെയിൻ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ടെസ്റ്റ് കിറ്റിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
രണ്ട് മിനിട്ടുകൊണ്ട് കൊവിഡ് സാമ്പിൾ പരിശോധിക്കാനാവും, ഫലം പൂർണമായും അറിയുന്നതിന് 15 മിനിട്ടോളം സമയമാണ് ആവശ്യമായി വരുന്നത്. എന്നാൽ ഈ പരിശോധന സ്വയം ഉപയോഗത്തിനുള്ളത് മാത്രമാണ്. ലബോറട്ടറി നടത്തിയ ടെസ്റ്റുകളിൽ പോസിറ്റീവ് ആയ ആളുകളുടെ സമ്പർക്കത്തിൽ വന്നവർക്ക് മാത്രമാവും ഇതുപയോഗിക്കാൻ അനുമതി ലഭിക്കുക. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ ഐസിഎംആർ പുറപ്പെടുവിച്ചിട്ടുണ്ട്.
വീട്ടിൽ വച്ചുള്ള ടെസ്റ്റിൽ പോസിറ്റീവായാൽ വേറെ പരിശോധനകൾ നടത്തേണ്ട ആവശ്യമില്ല. ഇവർ ക്വാറന്റീനിലേക്ക് മാറണമെന്ന് ഐസിഎംആർ അറിയിച്ചു. പരിശോധന ലാബുകളിലെ തിരക്ക് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.