പത്തനംതിട്ട: ഈ വർഷത്തെ ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്ത് പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കും. കോവിഡ് കാലത്ത് ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നും പഴയ നിലയിൽ തീർത്ഥാടകൾക്ക് പ്രവേശനം അനുവദിക്കാനും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ തീരുമാനിച്ചു.
പ്രതിദിനം 10,000 പേർക്കായിരുന്നു കൊവിഡ് കാലത്ത് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ അടുത്ത തവണ നട തുറക്കുമ്പോൾ മുതൽ പ്രതിദിനം പരമാവധി ഭക്തർക്ക് ദർശന സൗകര്യമൊരുക്കാനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള തീർത്ഥാനം പ്രൊത്സിപ്പിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
ഓണ്‍ലൈൻ ബുക്കിംഗിനായി ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. കൂടുതൽ തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിന് ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. റോഡ് നിർമ്മാണത്തിൻെറ പുരോഗതി വിലയിരുത്താൻ പ്രത്യേകം യോഗം ചേരും. ശബരിമലയിലും, നിലയ്ക്കലും, ഇടത്താവളങ്ങളിലും പൂർത്തികരിക്കേണ്ട ഒരുക്കള്‍ യോഗം ചർച്ച ചെയ്തു.
ഹൈക്കോടതിയുടെ വിധിയുള്ളതിനാൽ ഈ വർഷം മുതൽ ശബരിമല പ്രവേശനത്തിനുള്ള വിർച്വൽ ക്യൂ നടപ്പാക്കുന്നത് പൊലീസിന് പകരം ദേവസ്വം ബോർഡാണ്. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഇന്നത്തെ യോഗത്തിൽ അറയിച്ചു.
ശബരിമല സീസണ് തുടങ്ങുന്നതിന് മുന്നോടിയായി ഓരോ വകുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട കാര്യങ്ങള്‍ ഇന്ന് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ച യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, റവന്യൂ മന്ത്രി കെ.രാജൻ, ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻ്റണി രാജു എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.