കൊച്ചി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി. മാസ്‌ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ആണ് ജോജുവിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
കാറില്‍ നിന്നു പുറത്തിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ജോജു മാസ്‌ക് ധരിച്ചിരുന്നില്ല. പോലീസിന്റെ മുന്നില്‍വെച്ചായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിച്ചു. കടയില്‍ പോകാന്‍ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്‌കിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന പോലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
ജോജു ജോര്‍ജ് നിയമം ലംഘിച്ചാണ് രണ്ടു കാറുകള്‍ ഉപയോഗിക്കുന്നതെന്ന് ആരോപിച്ചും പരാതിയുണ്ട്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് മാറ്റി, ഫാന്‍സി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് എറണാകുളം ആര്‍ടിഒയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.
മറ്റൊരു കാര്‍ ഹരിയാന റജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ റജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി എം ഷെബീര്‍ പറഞ്ഞു.
രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി. ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി ജി ജോസഫിനെ റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.