കോട്ടയം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നതിനേത്തുടർന്ന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കോട്ടയത്ത് കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽപ്പറത്തി വിവാഹ നിശ്ചയ ചടങ്ങ് സംഘടിപ്പിച്ച കോടിമത വിൻസർ കാസിൽ ഹോട്ടലിനെതിരെ കേസ്. ഹോട്ടലിൽ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ച് വിവാഹത്തിന്റെ എൻഗേജ്‌മെന്റ് പാർട്ടി നടത്തിയ സംഭവത്തിലാണ് ഹോട്ടൽ മാനേജർ അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്.റാന്നി സ്വദേശി പീറ്റർ, ഹോട്ടൽ മാനേജർ, ബാങ്കറ്റ് മാനേജർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച വൈകിട്ട് അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ പാർട്ടിയുടെ പേരിലാണ് ചിങ്ങവനം പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട റാന്നി സ്വദേശി പീറ്ററിന്റെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചു നടന്ന പാർട്ടിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് ആളുകൾ തടിച്ചു കൂടിയത്. സംഭവം വിവാദമായി മാറിയതോടെ ഹോട്ടലിനെതിരെ ജില്ലാ കളക്ടർ അടക്കമുള്ള ഉന്നതർക്ക് പരാതി നൽകുകയായിരുന്നു. കളക്ടറും, ജില്ലാ മെഡിക്കൽ ഓഫിസറും ജില്ലാ പൊലീസ് മേധാവിയും അടക്കം വിഷയത്തിൽ ഇടപെട്ടു.
തുടർന്നു, ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ആർ ജിജു, എസ്.ഐ ഷമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഹോട്ടലിനെതിരെ കേസെടുത്തത്. വിരുന്നുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ട് നിബന്ധനകൾ ലംഘിച്ചാണ് പരിപാടി നടന്നത്. പരിധിയുലുള്ള പൊലീസ് സ്റ്റേഷൻ, ഹെൽത്ത്, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ പാർട്ടി നടക്കുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് നൽകിയില്ല.
ഒരാഴ്ച മുൻപ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആളുകളെ തിരുകിക്കയറ്റി നടത്തിയ വിവാഹ പാർട്ടിയ്ക്കിടെ വള്ളം മറിഞ്ഞ് വിൻസർകാസിൽ ഹോട്ടലിൽ അപകടം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഹോട്ടൽ വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.