കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പില്‍ ഇ ടി കൃഷ്ണകുമാര്‍ (54) ആണ് മരിച്ചത്. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ചയാണു കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല. തുടര്‍ന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത ന്യുമോണിയ ബാധിച്ചതിനാല്‍ ഓക്‌സിജന്‍ നല്‍കിയിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു വെന്റിലേറ്റര്‍ സൗകര്യം അത്യാവശ്യമായി. എന്നാല്‍ ആശുപത്രിയിലെ വെന്റിലേറ്ററുകള്‍ എല്ലാം ഉപയോഗത്തിലായിരുന്നു. എറണാകുളം ജില്ലയിലെ മറ്റ് ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും ലഭിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
അന്വേഷണത്തില്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭ്യമായി. തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടരയോടെ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കു പുറപ്പെട്ടു. പത്തരയോടെ അവിടെ എത്തിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ച്ചയായി രണ്ടു തവണയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് കൃഷ്ണകുമാര്‍ മരിച്ചത്.