ന്യൂഡൽഹി:കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തിരികെ മടങ്ങണമെന്ന് സുപ്രീംകോടതി (Supreme Court). സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ടാഴ്ചക്കുള്ളിൽ അതാത് ജയിലുകളില്‍ റിപ്പോർട്ട് ചെയ്യാനാണ് കോടതി നിർദേശം. ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. ഇതോടെ 350 ഓളം തടവുപുള്ളികൾക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും.