കൊച്ചി:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്തും കര്‍ശനനിയന്ത്രണങ്ങള്‍. ജില്ലയില്‍ എല്ലാ പൊതു പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. നേരത്തെ തീരുമാനിച്ച പരിപാടികളും മാറ്റി വയ്ക്കണം. സര്‍ക്കാര്‍ ചടങ്ങുകളും യോഗങ്ങളും ഓണ്‍ലൈനായി മാത്രമായി നിശ്ചയിക്കണം. മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 50 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്.
ഷോപ്പിംഗ് മാളുകളിലും ജനത്തിരക്ക് നിയന്ത്രിക്കാന്‍ 25 സ്‌ക്വയര്‍ ഫീരില്‍ ഒരാളെന്ന നിലയിലാണ് പ്രവേശനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്ഥാപനം 15 ദിവസം അടച്ചിടണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപിക്കുന്നത്.
തിരുവനന്തപുരത്ത് 3917പേര്‍ക്കും എറണാകുളത്ത് 3204 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലും കര്‍ശനനിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊന്മുടി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള പ്രവേശനം നിഷേധിച്ചു. പൊന്മുടിയില്‍ തിങ്കളാഴ്ച വരെയാണ് പ്രവേശനം. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
40 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജും അടച്ചു. 31-ാം തീയതി വരെ ഓണ്‍ലൈനായി ക്ലാസുകള്‍ തുടരുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ ഇന്റേണല്‍ പരീക്ഷകളും, 25ാം തീയതി നടത്താനിരുന്ന കോളേജ് തെരഞ്ഞെടുപ്പും മാറ്റി വെച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,670 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,13,251 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 528 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,03,864 കോവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
234 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 149 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 511, കൊല്ലം 29, പത്തനംതിട്ട 476, ആലപ്പുഴ 217, കോട്ടയം 305, ഇടുക്കി 128, എറണാകുളം 1492, തൃശൂര്‍ 276, പാലക്കാട് 248, മലപ്പുറം 135, കോഴിക്കോട് 415, വയനാട് 125, കണ്ണൂര്‍ 289, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,03,864 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,23,430 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി