ന്യൂഡല്‍ഹി: രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ്. മൂന്ന് ലക്ഷത്തിൽ രോഗികളാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മധ്യപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ടു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മധ്യപ്രദേശില്‍ നിന്ന് കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹരിദ്വാറിൽ ഏപ്രിൽ ആദ്യനാളുകളിൽ നടന്ന കുംഭമേളയില്‍ പങ്കെടുത്ത 61 വിശ്വാസികളാണ് മധ്യപ്രദേശിലേക്ക് തിരികെയെത്തിയത്. ഇവരില്‍ 60 പേർക്കും കൊവിഡ് പോസിറ്റീവായി. ഇവരെക്കൂടാതെ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താന്‍ ആയാല്‍ മാത്രമേ ആകെ എണ്ണം വ്യക്തമാകൂവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതെ സമയം രാജ്യത്തെ രോഗമുക്തി നിരക്കിൽ പ്രതീക്ഷാവഹമായ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണിക്കുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച 78 ശതമാനമായിരുന്ന രോഗമുക്തി നിരക്ക് തിങ്കളാഴ്ച 82 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഒരു മാസത്തോളം പ്രതിദിന കോവിഡ് കേസുകൾ റെക്കോർഡ് വർധവിലെത്തിയതിന് ശേഷമാണ് രോഗവ്യാപനം കുറയുന്നത്. എന്നാൽ ഇക്കാര്യം വിലയിരുത്തുന്നതിനുള്ള പ്രാരംഭഘട്ടം മാത്രമാണിതെന്നും അദ്ദേഹം പറയുന്നു.
കേരളം, ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഈ സംസ്ഥാനങ്ങൾ രോഗ വ്യാപനം പിടിച്ചുനിർത്താൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.