KeralaNews

കൊവിഡ് കുറയുന്നു, രാജ്യത്ത് ഇന്ന് കാൽലക്ഷത്തിൽ താഴെ രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് (Covid) മൂന്നാം തരംഗത്തിൽ (Covid Third Wave) രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ (Covid Case) കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്.

24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.  5,11,230   പേരെ ഇതുവരെ കൊവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.  60298 രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ അതേ സമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03 കോടി പിന്നിട്ടു. 

രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കൊവിഡില്‍ ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ തുടരണോ അവസാനിപ്പിക്കണോയെന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നാണ്  ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്. ദൈനംദിനാടിസ്ഥാനത്തില്‍ നിലവിലെ സാഹചര്യം അവലോകനം ചെയത് തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും   കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യവ്യാപകമായി കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരി 21 മുതല്‍ കേസുകള്‍ കുറഞ്ഞുവരുന്നതിലാണ് അധിക നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്. 

ഇന്ത്യയിലെ കൊവിഡ്-19 (Covid 19) മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും, യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ചുള്ള ഗവേഷണ പ്രബന്ധത്തെ ആധാരമാക്കിയുള്ള മാധ്യമങ്ങൾ വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് കേന്ദ്രം. കൊവിഡ്-19 മരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് സുശക്തമായ സംവിധാനം നിലവിലുള്ള ഇന്ത്യയിൽ ഇത്തരം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾക്ക് പ്രാധാന്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു.

ആരോഗ്യമന്ത്രാലയത്തിന്‍റെ വിശദീകരണം പൂർണരൂപത്തിൽ

ഇന്ത്യയിലെ കൊവിഡ്-19 മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നും, യഥാർത്ഥ കണക്കുകളേക്കാൾ കുറച്ചു കാണിക്കുകയാണെന്നും ആരോപിച്ച്, ഒരു ഗവേഷണ പ്രബന്ധത്തെ ആധാരമാക്കി ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. 2021 നവംബർ തുടക്കം വരെ 4.6 ലക്ഷം കൊവിഡ് മരണമാണ് രാജ്യത്ത് സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുമ്പോൾ, ഇതേ കാലയളവിൽ 32 ലക്ഷത്തിനും 37 ലക്ഷത്തിനും ഇടയിൽ ആളുകൾ കൊവിഡ് 19 ബാധിച്ച് മരിച്ചതായാണ് മേൽപ്പറഞ്ഞ പഠനം കണക്കാക്കുന്നത്. നേരത്തെ വ്യക്തമാക്കിയിട്ടുള്ളത് പോലെ, ഇത്തരം മാധ്യമ റിപ്പോർട്ടുകൾ, തെറ്റിദ്ധാരണാജനകവും അപൂർണ്ണവും കൃത്യതയില്ലാത്തവയുമാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. വസ്‌തുതകളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണ് ഇത്തരം കണക്കുകൾ.

കൊവിഡ്-19 മരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നതിന് സുശക്തമായ ഒരു സംവിധാനം ഇന്ത്യയിൽ നിലവിലുണ്ട്. ഭരണസംവിധാനത്തിന്റ വിവിധ തലങ്ങളിൽ, അതായത്, ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെയും പിന്നീട് സംസ്ഥാനതലത്തിലും കണക്കുകൾ പതിവായി സമാഹരിക്കുന്നു. സംസ്ഥാനങ്ങൾ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്ത മരണക്കണക്കാണ് കേന്ദ്രം സമാഹരിക്കുന്നത്. കോവിഡ് മരണവുമായി ബന്ധപ്പെട്ട ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കിടുകയും സംസ്ഥാനങ്ങൾ അവ പിന്തുടർന്ന് പോരുകയും ചെയ്യുന്നു.

കോവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്മെന്റ് സമഗ്രമായ നിർവചനം പുറത്തിറക്കിയിട്ടുണ്ട്. താഴെത്തട്ടിലുണ്ടാകുന്ന ചില മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ആ മരണസംഖ്യ കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഒട്ടേറെ തവണ നടന്ന ഔപചാരിക ആശയവിനിമയങ്ങളിലും വീഡിയോ കോൺഫറൻസുകളിലും മാത്രമല്ല കേന്ദ്ര സംഘങ്ങൾ വഴിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിലെ ജനസംഖ്യ, ഇന്ത്യൻ റെയിൽവേ ജീവനക്കാർ, എംഎൽഎമാർ, എംപിമാർ, കർണാടകയിലെ സ്കൂൾ അധ്യാപകർ എന്നിങ്ങനെ നാല് വ്യത്യസ്ത ഉപജനവിഭാഗങ്ങളെ പരിഗണിച്ചുള്ള ത്രികോണമാപന രീതിയാണ്, മാധ്യമ റിപ്പോർട്ടുകളിൽ ഉദ്ധരിച്ച പഠനം, ദേശീയ മരണസംഖ്യ കണക്കാക്കുന്നതിന് അവലംബമാക്കിയിരിക്കുന്നത്. നിരവധി സംസ്ഥാനങ്ങളുള്ള ഇന്ത്യയെപ്പോലെ വിശാലമായ ഒരു രാജ്യത്തെ മരണസംഖ്യ കണക്കാക്കുമ്പോൾ, പരിമിതമായ ഒരു കൂട്ടം വിവരങ്ങളും ചില പ്രത്യേക അനുമാനങ്ങളും അടിസ്ഥാനമാക്കി നടത്തുന്ന പ്രവചനങ്ങൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. തെറ്റായ കണക്കുകൂട്ടലുകൾ വഴി തെറ്റായ നിഗമനങ്ങളിലേക്കാണ് ഇത്തരം പഠനങ്ങൾ എത്തിച്ചേരുന്നത്.

റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണസംഖ്യയിലെ പൊരുത്തക്കേട് ഒഴിവാക്കാനും, ഇന്ത്യയിലെ കോവിഡ്-19 അനുബന്ധ മരണങ്ങൾ ഉചിതമായി രേഖപ്പെടുത്തുന്നതിനുമായി, WHO ശുപാർശ ചെയ്യുന്ന ICD-10 കോഡ് അനുസരിച്ച് എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ICMR പുറപ്പെടുവിച്ചു. മഹാമാരി ആരംഭിച്ചത് മുതൽ തന്നെ കോവിഡ്-19 കേസുകളുടെയും മരണങ്ങളുടെയും കണക്കുകൾ ദിനംപ്രതി പൊതുമണ്ഡലത്തിൽ ലഭ്യമാണ്. അതുപോലെ, എല്ലാ വിശദാംശങ്ങളോടും കൂടിയ പ്രതിദിന ബുള്ളറ്റിനുകൾ ജില്ലാ തലം മുതൽ സംസ്ഥാനതലം വരെ പുറത്തിറക്കുന്നുണ്ട്. ഈ കണക്കുകളും പൊതുമണ്ഡലത്തിൽ ലഭ്യമാണ്.

കൊവിഡ്-19 മഹാമാരി പോലെ തീവ്രമായതും നീണ്ടുനിൽക്കുന്നതുമായ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ സമയത്ത് മരണസംഖ്യയിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കാമെന്നത് സ്ഥിരീകരിക്കപ്പെട്ട വസ്തുതയാണ്. മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന മുറയ്‌ക്കാണ്‌ മരണങ്ങളെ സംബന്ധിച്ച ആധികാരിക ഗവേഷണ പഠനങ്ങൾ സാധാരണയായി നടത്താറുള്ളത്. ഇന്ത്യയിലെ കൊവിഡ്-19 മരണനിരക്ക് വിശകലനം ചെയ്യുമ്പോൾ, നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള സാധ്യത കാരണം എല്ലാ കൊവിഡ്-19 മരണങ്ങളും കണക്കിൽപ്പെടുത്താനും റിപ്പോർട്ട് ചെയ്യാനും കൂടുതൽ സാധ്യതയുണ്ടെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button