ലണ്ടൻ:ഇംഗ്ലണ്ടിൽ സ്കൂളുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാനാരംഭിച്ചതിനു പിന്നാലെ പ്രതിദിന കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകൾ. സ്കൂൾ കുട്ടികളിലാണ് കോവിഡ് കേസുകൾ പുതുതായി സ്ഥിരീകരിക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടണിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്.
കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിനേഷൻ വ്യാപകമാക്കുകയും ചെയ്തതിനെ തുടർന്ന് ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിലെ സ്കൂളുകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത്. പിന്നീട് സെപ്തംബർ 25ന് അവസാനിച്ച ആഴ്ചയിലാണ് കേസുകൾ കുത്തനെ കൂടാൻ തുടങ്ങിയത്.
കുട്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ പകർച്ചവ്യാധി വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വർധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധർ വ്യക്തമാക്കി.
സെക്കണ്ടറി സ്കൂൾ കുട്ടികളിൽ നിലവിൽ 4.58 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ൽ ഒരാൾ കോവിഡ് പോസിറ്റീവ് ആവുന്നു. തൊട്ടുമുൻപുള്ള ആഴ്ച 2.81 ശതമാനമായിരുന്നു രോഗസ്ഥിരീകരണ നിരക്ക്. ഇംഗ്ലണ്ടിൽ 85ൽ ഒന്ന് എന്ന നിരക്കിലാണ് ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. തൊട്ടുമുൻപുള്ള ആഴ്ച ഇത് 90ൽ ഒന്ന് എന്ന നിരക്കിലായിരുന്നു.
രാജ്യത്ത് 12-15 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഒരാഴ്ച മുൻപാണ് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്.