തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്താന്‍ ആസൂത്രിത ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിരോധത്തില്‍ കേരളം തകര്‍ക്കുന്നത് കാണാന്‍ ചിലരും ചില മാധ്യമങ്ങളും ശ്രമിക്കുന്നു. കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം ഡെല്‍റ്റാ വകഭേദമെന്നും പാര്‍ട്ടി മുഖപത്ര ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം ഏറ്റവും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് മരണം കുറച്ച് നിര്‍ത്തുന്നതിലും വാക്സിനേഷനിലും സംസ്ഥാനം മുന്നിലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിനേഷന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനെടുക്കാനുള്ള അധ്യാപകര്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകര്‍, മറ്റ് സ്കൂള്‍ ജീവനക്കാര്‍ എന്നിവര്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഇന്നലെ 19,622 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,673 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,13,92,529 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.