തിരുവനന്തപുരം : നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പായാല്‍ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. മേയ് 11 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തി പിന്നീടു കുറയും. ആ സമയത്ത് ചികിത്സയിലുള്ളവര്‍ 4 ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എണ്ണം മേയ് അവസാനം വരെ ഉയര്‍ന്നു നില്‍ക്കാനിടയുണ്ട്.സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്‌ഷന്‍ റേറ്റ്-ആര്‍) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആര്‍ നിരക്ക് കൂടുതല്‍. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇതു കുറവാണ്. പ്രതിവാര വര്‍ധന നിരക്ക് ശരാശരി 150 %. ശനി- ഞായര്‍ മിനി ലോക്ഡൗണ്‍ കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.
കേരളത്തില്‍ പ്രതിദിന കേസുകള്‍ 38,657 വരെയായേക്കാമെന്നു നിതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിയു ഓക്സിജന്‍ കിടക്കകളില്‍ 5,574 എണ്ണത്തിന്റെയും ഐസിയു കിടക്കകളില്‍ 918 എണ്ണത്തിന്റെയും കുറവിനു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 603 വെന്റിലേറ്ററുകളുടെയും കുറവുണ്ടായേക്കും. അതേസമയം കോവിഡ് രണ്ടാംതരംഗംസംസ്ഥാനത്ത് വലിയ രീതിയില്‍ കൂടിയ സാഹചര്യത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.യോഗം സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആണ്.
ഓണ്‍ലൈന്‍ വഴി രാവിലെ 11 മണിക്കാണ് യോഗം. നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനമാകും യോഗത്തില്‍ ഉണ്ടാവുക. സമ്ബൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെന്നാണ് കരുതുന്നത്. നിലവില്‍ സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിനുള്ളത് ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന വിലയിരുത്തലാണ്.
സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി അടുത്ത ഞായറാഴ്ച നടക്കുന്ന വോട്ടെണ്ണലാണ്.കര്‍ശന നിയന്ത്രണം ആഹ്ലാദ പ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചേക്കും.