തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിരിക്കുന്നത്. കളക്ടര്‍മാര്‍,എസ്.പിമാര്‍, ഡി.എം.ഒമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് കൊവിഡ് പരിശോധന കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളി,ശനി ദിവസങ്ങളില്‍ മാസ് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് രണ്ടര ലക്ഷം പേരില്‍ പരിശോധന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പ്രധാനമായും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ആലോചനയുണ്ട്. അതത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരോധനാജ്ഞ അടക്കം പ്രഖ്യാപിക്കാന്‍ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്.
ഇതുകൂടാതെ പൊലീസിനെയും സെക്ടറല്‍ മജിസ്ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കര്‍ശനമാക്കാനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതല്‍ കൂടുതല്‍ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വാക്‌സിന്‍ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക.