തിരുവനന്തപുരം: ജൂലൈ പകുതി മുതല്‍ കേരളത്തിൽ കൊവിഡ് മരണങ്ങള്‍ കൂടിയതായി ഓഡിറ്റ് റിപ്പോർട്ട്. 63 മരണങ്ങള്‍ ഓഡിറ്റ് ചെയ്തതില്‍ 51 പേരുടെ മരണമാണ് കൊവിഡ് മരണമായി കണക്കാക്കിയിട്ടുള്ളത്. 64 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. ഇതിലേറെയും പുരുഷന്മാരാണ്. 35 ശതമാനമാണ് പുരുഷന്മാരുടെ എണ്ണം. 16 ശതമാനം സ്ത്രീകളും. മരിച്ച ആളുകളിലെ ഏറ്റവും കുറഞ്ഞ പ്രായം 28 ആയിരുന്നു. മരിച്ചവരില്‍ 65 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദവും 69ശതമാനം പേര്‍ക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തി. 12 ശതമാനം പേര്‍ക്ക് അര്‍ബുദ ബാധയും ഉണ്ടായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ വിപുലമായ ജീവൻരക്ഷാ സംവിധാനങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ കൂടി സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 865 വെന്‍റിലേറ്ററുകൾ പുതിയതായി വാങ്ങി. ആംബുലൻസുകളിലടക്കം ഓക്സിജൻ സംവിധാനവും ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഉൾപ്പെടെ തീവ്രപരിചരണ വിഭാഗങ്ങള്‍ വിപുലമാക്കി. കൊവിഡ് രോഗികള്‍ക്കായി മാത്രം കൂടുതല്‍ ഐസിയുകള്‍ ഒരുക്കി. കൊവിഡ് വ്യാപനം കൂടുമെന്ന സ്ഥിതിയില്‍ പരിശോധനക്കായി സര്‍ക്കാര്‍ മേഖലയിൽ മാത്രം 22 ലാബുകൾ സജ്ജമാക്കി. പിസിആര്‍ ഉപകരണമടക്കം വാങ്ങിയിട്ടുണ്ട്.