മുംബൈ: ”എനിക്കിപ്പോൾ കൊറോണയെ ഭയമില്ല. ധൈര്യത്തോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ധൈര്യമാണ് എല്ലാം, ഭയമല്ല.” മുംബൈയിലെ ശ്മശാനം തൊഴിലാളിയായ സയ്യിദ് മുനീർ കമറുദ്ദീന്റെ വാക്കുകളാണിത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതക്കാഴ്ചകളെക്കുറിച്ചാണ് സയ്യിദിന്റെ ഈ വാക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. താനിപ്പോൾ സുരക്ഷാ വസ്ത്രങ്ങളോ ഗ്ലൗസോ ധരിക്കാറില്ലെന്നും അമ്പത്തിരണ്ടുകാരനായ സയ്യിദ് പറയുന്നു. കഴിഞ്ഞ 25 വർഷങ്ങളായി മുംബൈയിൽ ശവക്കുഴി കുഴിക്കുന്ന ജോലി ചെയ്യുകയാണ് സയ്യിദ് മുനീർ കമറുദ്ദീൻ.
കൊവിഡിന്റെ രണ്ടാം വരവിൽ തകർന്നടിഞ്ഞ അവസ്ഥയിലാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗികളെക്കൊണ്ട് ആരോഗ്യ മേഖലയും കൊവിഡ് ബാധ മൂലം മരിച്ചവരാൽ ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞു. താത്ക്കാലിക ശ്മശാനങ്ങളിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. കൊവിഡ് മൂലം മരിച്ചവരെ അടക്കം ചെയ്യാൻ 24 മണിക്കൂറും തനിക്കും സഹപ്രവർക്കും ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് സയ്യിദ് പറഞ്ഞു.
ഞങ്ങൾ ഒരേയൊരു ജോലി മാത്രമേയുള്ളൂ. മൃതദേഹങ്ങൾ ആംബുലൻസിൽ നിന്ന് പുറത്തിറക്കുക. ശേഷം കുഴിച്ചുമൂടുക. ഒരു വർഷമായി അവധി ലഭിച്ചിട്ടില്ലെന്നും അയാൾ കൂട്ടിച്ചേർത്തു. റമദാൻ മാസത്തിലും നോമ്പെടുക്കാതെ താൻ ജോലി ചെയ്യുകയാണെന്നും സയ്യിദ് പറഞ്ഞു. ”വളരെ അധ്വാനം വേണ്ടി വരുന്ന ജോലിയാണ് എന്റേത്. വെള്ളം കുടിക്കാൻ ദാഹം തോന്നും. മൃതദേഹങ്ങൾ എടുത്തുകൊണ്ട് വന്ന് കുഴിയിലിട്ട് മണ്ണിട്ട് മൂടണം. ഇത്തരം ശ്രമകരമായ ജോലിക്കിടയിൽ എനിക്കെങ്ങനെയാണ് നോമ്പെടുക്കാൻ സാധിക്കുക? അതേ സമയം തന്റെ ജോലിക്ക് സർക്കാരിൽ നിന്ന് പ്രത്യക അംഗീകാരമോ പ്രതിഫലമോ ഇദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ”മോസ്കിലുള്ള വിശ്വാസം വളരെ ശക്തമാണ്. സർക്കാർ ഞങ്ങളെപ്പോലെയുള്ളവർക്ക് ഒന്നും നൽകാൻ പോകുന്നില്ല. ഞങ്ങൾക്ക് സർക്കാരിൽ നിന്ന് ഒന്നും ആവശ്യമില്ല.” സയ്യിദ് പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 3523 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
1,91,64,969 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേർ രോഗമുക്തി നേടി. നിലവിൽ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
മഹാരാഷ്ട്ര, കർണാടക, കേരള, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം അതിതീവ്രം. ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയിൽ 62,919 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്നലെ മാത്രം 828 പേർ മരിച്ചു.
രാജ്യത്തുടനീളം 15,49,89,635 പേർ ഇതിനോടകം വാക്സിൻ സ്വീകരിച്ചു. 28,83,37,385 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 19,45,299 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.