FeaturedHealthNationalNews

കൊവിഡ് മരണം: മൃതദേഹങ്ങൾ കുന്നുകൂടുന്നു, മരണസംഖ്യ മറച്ചുവെച്ച് മോദിയുടെ ഗുജറാത്ത്

സൂറത്ത്: ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്കോട്ട് നഗരങ്ങളിലെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നൂകുടുന്നതായി റിപ്പോർട്ട്. കോവിഡിന്റെ രണ്ടാംതരംഗത്തിൽ 49 മരണങ്ങൾ മാത്രമാണ് സംഭവിച്ചതെന്ന് സർക്കാർ സ്ഥിരീകരിക്കുമ്പോഴാണ് ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നതായുളള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

യഥാർഥ കോവിഡ് ഡേറ്റ സർക്കാർ മറച്ചുപിടിക്കുന്നു എന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണത്തെ തളളി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തി. ഐസിഎംആർ നിഷ്കർഷിച്ച രീതിയിലാണ് സർക്കാർ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടും മുൻപ് സൂറത്തിലെ രാംനാഥ്ഘേല ശ്മശാനം, കുരുക്ഷേത്ര ശ്മശാനം, ഉമ്ര, ജഹാംഗീർപുര എന്നിവിടങ്ങളിൽ പ്രതിദിനം ശരാശരി 20 മൃതദേഹങ്ങളാണ് സംസ്കരിക്കാനായി എത്താറുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചകളായി ഇവിടെ എൺപതിനടുത്ത് മൃതദേഹങ്ങളാണ് സംസ്കരിക്കുന്നതെന്ന് ശ്മശാന അധികൃതർ പറയുന്നു. സൂറത്തിലെ ഏറ്റവും വലിയ ശ്മശാനമായ അശ്വിനികുമാർ ശ്മശാനത്തിൽ 30 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 110 മൃതദേഹങ്ങളാണ് പ്രതിദിനം സംസ്കരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു.

അശ്വിനി കുമാർ ശ്മശാനത്തിൽ സംസ്കരിക്കുന്നതിനായി മൃതദേഹങ്ങൾ വരിവരിയായി കാത്തുകിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടർന്ന് കാത്തുകിടക്കുന്നത് ഒഴിവാക്കാനായി അടിയന്തര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.

രാജ്കോട്ടിലും മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ആറിനും എട്ടിനും ഇടയിൽ 89 പേർ മരിച്ചു. എന്നൊൽ അതിൽ 14 പേർ മാത്രമാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും മറ്റുളളവർ ഇതര രോഗങ്ങളുളളവരായിരുന്നുവെന്നും അധികൃതർ പറയുന്നു. 89 പേരേയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കരിച്ചത്.

രാജ്കോട്ടിലെ ഏറ്റവും വലിയ ശ്മശാനമായ രാംനാഥ്പരയിൽ പ്രതിദിനം 20 മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യുന്നുണ്ട്. അഹമ്മദാബാദിൽ വിവിധ ശ്മശാനങ്ങളിലായി രണ്ടുഡസണോളം മൃതദേഹങ്ങൾ ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്കരിച്ചിരുന്നു.

രാജ്യത്തിൻ്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ വീണ്ടും അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചത്. ശനിയാഴ്ചത്തെ രോഗബാധിതരെക്കാൾ 14 ശതമാനം അധികമാണിത്. 309 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഞായറാഴ്ചത്തെ കണക്കുകൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 5.65 ലക്ഷമായി ഉയർന്നു. ശനിയാഴ്ച 55, 411 പേർക്കായിരുന്നു വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പൂനെയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 12,590 പേർക്കാണ് ഇവിടെ വൈറസ് ബാധ ഉണ്ടായത്. 16 പേർ മരിക്കുകയും ചെയ്തു. തൊട്ടുപിന്നിൽ മുംബൈയാണ്. 9,989 പേരിലാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോർട്ട് ചെയ്തു.

നാഗ്പൂരിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് ഞായറാഴ്ച ഉണ്ടായത്. 6791 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 34 മരണങ്ങളും ഉണ്ടായി. താനെയിൽ 2870 പേർക്കും നാസിക്കിൽ 3332 പേർക്കും ഞായറാഴ്ച രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് കേസുകളുടെ വർധനവ് മൂലം മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കോവിഡ് ടാസ്ക് ഫോഴ്സുമായി കൂടിക്കാഴ്ച നടത്തി. സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുന്ന സാഹചര്യം അടക്കമുള്ള മുന്നിൽകാണണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കിടക്കകളുടെ ലഭ്യത, റെംഡെസിവിറിന്റെ ഉപയോഗം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങി വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓഫീസ് അറിയിച്ചു..

മഹാരാഷ്ട്രയിൽ കേസുകൾ വർധിക്കുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കാൻ കോവിഡ് ടാസ്ക് ഫോഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ നിരവധി മന്ത്രിമാർ ബഹുജന സമ്മേളനങ്ങളിൽ പ്രചാരണം നടത്തിയെങ്കിലും അവിടെയൊന്നും കോവിഡ് കേസുകളിൽ ഇത്രയധികം വർധനവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാക്കളുമായി ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിൽ 8-15 ദിവസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. മുംബൈ നഗരം ഇതിനകം ഭാഗിക ലോക്ക്ഡൗണിലാണ്. നിരവധി സ്ഥാപനങ്ങൾ ഓഫീസുകളും അടച്ചു. പൊതു ഗതാഗതം മാത്രമാണ് നഗരത്തിൽ അനുവദിച്ചിരിക്കുന്നത്.

കേരളത്തിലും കോവിഡ് ബാധ പിടിവിട്ട് പായുകയാണ് സംസ്ഥാനത്ത് ഇന്നലെ 6986 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,68,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 197 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 504 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1243, എറണാകുളം 809, മലപ്പുറം 695, കോട്ടയം 601, കണ്ണൂര്‍ 470, തിരുവനന്തപുരം 381, തൃശൂര്‍ 395, ആലപ്പുഴ 338, പാലക്കാട് 135, കൊല്ലം 298, ഇടുക്കി 276, കാസര്‍ഗോഡ് 228, പത്തനംതിട്ട 205, വയനാട് 184 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, എറണാകുളം 5, തൃശൂര്‍ 4, കോഴിക്കോട് 3, തിരുവനന്തപുരം, ഇടുക്കി, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2358 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 208, പത്തനംതിട്ട 64, ആലപ്പുഴ 190, കോട്ടയം 176, ഇടുക്കി 77, എറണാകുളം 120, തൃശൂര്‍ 205, പാലക്കാട് 185, മലപ്പുറം 265, കോഴിക്കോട് 407, വയനാട് 34, കണ്ണൂര്‍ 216, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 44,389 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,17,700 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,810 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,64,325 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6485 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1133 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 391 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button