കോഴിക്കോട്:കോഴിക്കോട്ടും കണ്ണൂരിലും കോവിഡ് മരണം. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ട സാഹചര്യത്തിൽ പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ. മരണവീട് സന്ദര്ശിക്കുന്നത് പ്രദേശവാസികൾ ഒഴിവാക്കണമെന്നും നിർദേശം.
കുന്നുമ്മൽ പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ വട്ടോളി ദേശീയ ഗ്രന്ഥശാലയ്ക്ക് സമീപം കളിയാട്ട് പറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തിലധികമായി വീട്ടിൽ തന്നെ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടയിൽ ശ്വാസംമുട്ടൽ അധികമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന്, വെള്ളിയാഴ്ച വെെകീട്ട് ആശുപത്രിയിൽ വച്ചായിരുന്നു മരണം.
കോവിഡ് പ്രോട്ടക്കോൾ പാലിച്ച് മൃതദേഹം സംസ്കരിച്ചു. കൂടുതൽ പേരുമായി സമ്പർക്കമില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് പറഞ്ഞു. ആശുപത്രിയിൽ കൂട്ടിരുന്ന ബന്ധു ഉൾപ്പെടെയുള്ളവരുടെ ആർ.ടി.പി.സി.ആർ. പരിശോധനാഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പാനൂരിലും കോവിഡ് ബാധയുള്ള മരണം സ്ഥിരീകരിച്ചിരുന്നു. പാനൂർ പോലീസ് ക്വാർട്ടേഴ്സിന് സമീപം മൊയിലോത്ത് പാലക്കണ്ടി അബ്ദുള്ള (83) ആണ് മരിച്ചത്. ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതിനിടെ, ഇടക്കാലത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിദിന കേസുകൾ പെട്ടെന്ന് ഉയർന്നതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.
രാജ്യത്തെ കോവിഡ് കേസുകളിൽ മഹാഭൂരിഭാഗവും കേരളത്തിലാണ്. വ്യാഴാഴ്ച രാജ്യത്തുണ്ടായ 1185 പുതിയ കേസുകളിൽ 1039 -ഉം സംസ്ഥാനത്താണ്. 12 ദിവസത്തിനകം മൂന്ന് കോവിഡ് മരണങ്ങളുമുണ്ടായി. ഇപ്പോൾ രോഗവ്യാപനം കൂടാൻ കാരണം ഒമിക്രോൺ സബ് വേരിയൻറാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.