മലപ്പുറം: കൊവിഡ് 19 ബാധിച്ച് മഞ്ചേരിയില്‍ മരിച്ചത് സന്തോഷ് ട്രോഫി മുന്‍ താരം.പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബൂട്ടണിഞ്ഞത്.വര്‍ഷങ്ങളായി മുംബൈയില്‍ സ്ഥിരതാമസമായിരുന്നു.കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്കായി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.മോഹന്‍ബഗാന്‍ മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി കളിക്കളത്തില്‍ സജീവമായിരുന്നു ഹംസക്കോയ. സന്തോഷ് ട്രോഫി ടീമില്‍ അഞ്ച് തവണ അംഗമായിട്ടുണ്ട്.
ഇന്നു രാവിലെയാണ് പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയയാണ് മരിച്ചത്.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.
പേരക്കുട്ടികള്‍ അടക്കം ഹംസക്കോയയുടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണം സ്ഥിരീകരിച്ചത്.
കുടുംബം ഒട്ടാകെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഭാര്യ മകന്‍ മകന്റെ ഭാര്യ രണ്ട് കുട്ടികള്‍ എന്നിവര്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം മഞ്ചേരി മെഡിക്കള്‍ കോളേജില്‍ ചികിത്സയിലാണ് ഇപ്പോള്‍. മുംബൈയില്‍ നിന്ന് റോഡ്മാര്‍ഗ്ഗമാണ് ഇവര്‍ മലപ്പുറത്തെത്തിയത്.
മുപ്പതാംതീയതി മുതല്‍ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഗുരുതരവസ്ഥ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല.
കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് മഞ്ചേരി മേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. പൊലീസും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.