ന്യൂഡൽഹി:കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം. നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായി കേന്ദ്രം കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ച് 30 ദിവസത്തിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്‍റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്.
കേസ് അൽപ്പസമയത്തിനുള്ളിൽ സുപ്രീംകോടതി പരിഗണിക്കും. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
p>സംസ്ഥാനത്ത് കൊവിഡ് മരണപ്പട്ടിക പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ അനുസരിച്ച് പട്ടിക സമഗ്രമായി പുതുക്കും. കേന്ദ്രം പ്രഖ്യാപിച്ച ധനസഹായം അര്‍ഹരായ ആര്‍ക്കും നിഷേധിക്കപ്പെടില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പട്ടിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. പരമാവധി പേര്‍ക്ക് സഹായം കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചുപോയവര്‍ക്കു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന സമാന സംഭവങ്ങളിലും നഷ്ടപരിഹാരം നല്‍കും.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റികള്‍ വഴിയോ ജില്ലാ ഭരണകൂടങ്ങള്‍ വഴിയോ നഷ്ടപരിഹാരം അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്റെ തുടര്‍ഘട്ടങ്ങളിലും മരിക്കുന്നവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അതല്ലെങ്കില്‍ ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതു വരെ അതു തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംഭവിച്ച മരണങ്ങള്‍ കോവിഡ് മരണങ്ങളായി കണക്കാക്കണമെന്നു ദേശീയ ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി നല്‍കുന്ന അപേക്ഷാ ഫോമിനൊപ്പം ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം. മരണകാരണം കോവിഡാണെന്ന് ഉറപ്പിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഇതോടൊപ്പം നല്‍കണം. അപേക്ഷകളില്‍ 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണം. ഗുണഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം കൈമാറേണ്ടത്.
നഷ്ടപരിഹാരം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് അഡീഷണല്‍ ജില്ലാ കളക്ടര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലോ വകുപ്പ് മേധാവിയോ എന്നിവരുള്‍പ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കും.