Home-bannerNationalNews

രാജ്യത്തെ കൊവിഡ് രോഗികളില്‍ ഏറിയ പങ്ക് യുവാക്കളും മധ്യവയസ്‌കരും,മരണം 75 ,രോഗബാധ സ്ഥിരീകരിച്ചത് 3072 പേര്‍ക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയി. 3072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ സാമഗ്രികളുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 17 സംസ്ഥാനങ്ങളില്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കളും മധ്യവയസ്‌കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവര്‍. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം. ലോക്ക് ഡൗണ് പിന്‍വലിക്കാന്‍ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരു യോഗങ്ങളും.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ദില്ലി എല്‍ജെപി ആശുപത്രിയിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. എല്‍ജെപി, ജെബി പന്ത് ആശുപത്രികള്‍ 2000 കിടക്കകളുള്ള കൊവിഡ് കേന്ദ്രങ്ങളാക്കിമാറ്റും. അതിനിടെ അടുത്ത 15 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള തയാറെടുപ്പുകള്‍ റെയില്‍വേ തുടങ്ങി. ഇന്‍ഡിഗോ, സ്‌പെസ് ജറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും ആഭ്യന്തര ബുക്കിങ് ആരംഭിച്ചു. എന്നാല്‍ ലോക്ഡൗണില്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചശേഷം മാത്രം ബുക്കിങ്ങെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. ടിക്കറ്റ് വില്‍പന നിര്‍ത്തിയത് ഈമാസം 30 വരെ നീട്ടുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ ധാരാവിയില്‍ മരിച്ച 56കാരന്‍ തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button